പഠിതാക്കൾ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളുകളിലേക്ക്

Monday 02 June 2025 12:00 AM IST

കൊല്ലം: മിതമായ നിരക്കും കൃത്യമായ പരിശീലനവും വാഗ്ദാനം ചെയ്ത് ജില്ലയിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂളുകൾക്ക് പ്രിയമേറുന്നു. ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകളിലാണ് നിലവിൽ ഡ്രൈവിംഗ് സ്കൂളുകൾ. 2024 നവംബറിലായിരുന്നു തുടക്കം.

സ്വകാര്യ മേഖലയേക്കാൾ കുറഞ്ഞ നിരക്കിലാണ് പരിശീലനം. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്. ഡ്രൈവിംഗ് പാഠപുസ്തകം, ഡ്രൈവിംഗ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ലൈസൻസ് ഉണ്ടെങ്കിലും വണ്ടിയോടിക്കാൻ അറിയാത്തവർ ഉൾപ്പടെ, ലൈസൻസെടുക്കുന്ന ഓരോ പഠിതാവും അന്ന് തന്നെ സ്വന്തം വാഹനം ഓടിക്കാൻ പര്യാപ്തരായിരിക്കും. പരിശീലനത്തിന് ചേരുന്ന ഒരാൾക്ക് എങ്ങനെയെങ്കിലും ലൈസൻസ് എടുത്തുകൊടുക്കുക എന്നതിലുപരി റോഡ് നിയമങ്ങൾ പാലിച്ച് വാഹനം കൈകാര്യം ചെയ്യുന്നതിനുള്ള ബോധവത്കരണവും ഇവിടെ നൽകുന്നുണ്ട്.

പ്രാക്ടിക്കൽ ക്ലാസുകളോടൊപ്പം വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തീയറി ക്ലാസുകളുമുണ്ട്. ഹെവി വാഹന പരിശീലനത്തിനൊഴികെ പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയും ഈ സ്‌കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി വനിതാ പരിശീലക

രുമുണ്ട്. നേരിട്ട് ഡിപ്പോകളിലെത്തി പ്രവേശനം നേടാം.

പരിശീലനം ശാസ്ത്രീയം

 കൃത്യമായ ഷെഡ്യൂൾ അനുസരിച്ച് പരിശീലനം

 കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട്

 ഹെവി വാഹനങ്ങൾക്ക് ഫീസ് ₹ 9000

 ഇരുചക്ര വാഹനം ₹ 3500

 കാർ, ഇരുചക്രവാഹനം പ്രത്യേക പാക്കേജ് ₹ 11,000

ചാത്തന്നൂർ, ചടയമംഗലം ഡിപ്പോ

പ്രവേശനം നേടിയവർ: 110, 90

ഹെവി വാഹന പരിശീലനം: 100, 21

ലൈസൻസ് ലഭിച്ചവർ: 70, 36