മലയാളികൾക്ക് ഇനി മീൻകറി സ്വപ്നം മാത്രമാകുമോ? കരകയറി​ ബോട്ടുകൾ, കാരണം

Monday 02 June 2025 12:20 AM IST

തോപ്പുംപടി: കടലി​ൽ മീനി​ല്ല, പ്രകൃതി​ക്ഷോഭം തുടരുന്നു. ട്രോളിംഗ് നിരോധനത്തിനു മുമ്പേ കേരളക്കരയിലെ മത്സ്യബന്ധന ബോട്ടുകൾ കരയ്ക്ക് കയറി തുടങ്ങി​. ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ 52 ദിവസമാണ് ഇത്തവണ നിരോധനം.തോപ്പുംപടി ഹാർബറിലെ 75 പേഴ്സീൻ ബോട്ടുകളിൽ പകുതിയും 80 ട്രോളിംഗ് ബോട്ടുകളിൽ 50 കരയിൽ കയറ്റി.

ഒരു വർഷമായി ബോട്ടുകൾക്ക് കഷ്ടകാലമാണ്. പൊതുവേ മത്സ്യം കുറവാണ് കിട്ടുന്നത്. പലപ്പോഴും ഡീസൽ ചെലവി​നുള്ള മത്സ്യം പോലും കി​ട്ടുന്നി​ല്ല. കഴിഞ്ഞ സീസണിൽ തന്നെ ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടായവരാണ് അധി​കവും. ചെറുകിടക്കാരായ പലരും ബോട്ടുകൾ വിറ്റൊഴിയുകയാണെന്ന് സംസ്ഥാന ബോട്ട് ഉടമ അസോസിയേഷൻ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ പറഞ്ഞു.

പൊളിക്കാൻ കൊടുക്കുന്നവർ പോലുമുണ്ട്. പൊളിക്കാൻ കൊടുത്താൽ പത്ത് ലക്ഷം രൂപ വരെ ഒരു ബോട്ടിന് ലഭിക്കും. കൊല്ലത്തെ കച്ചവടക്കാരാണ് ഇവ വാങ്ങുന്നത്. അനുബന്ധ വ്യവസായങ്ങളും ഭീഷണിയിലാണ്. ഹാർബറുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലാളികളും ദുരിതത്തിലാണ്. ഐസ്പ്ലാന്റ്, തരകൻമാർ, പമ്പ് മേഖല, വല വിൽപ്പനക്കാർ തുടങ്ങി നിരവധി പേരും പ്രതി​സന്ധി​യി​ലാണ്.

മീൻ ലഭ്യത കുറഞ്ഞു

ബോട്ടുകൾക്ക് ചൂര, കേര പോലുള്ള വലിയ മീനുകളാണ് ലഭിച്ചി​രുന്നത്. ചാള, അയല കണി കാണാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റു സംസ്ഥാന അയലക്ക് 400 രൂപ, ചാള 350 രൂഎ വരെയും ചി​ല്ലറ വി​ലയുണ്ട്. പായലും ചൊറിയും കാരണം പരമ്പരാഗത മൽസ്യ തൊഴിലാളികളും ദുരി​തത്തി​ലാണ്. പ്രകൃതി​ ക്ഷോഭം കാരണം ബോട്ടുകളും വഞ്ചി​കളും ഒരാഴ്ചയായി​ കടലി​ൽ പോയി​ട്ട്. സംസ്ഥാനത്ത് 3600 ബോട്ടുകൾ ഉണ്ടെങ്കി​ലും 1500 എണ്ണം മാത്രമാണ് കടലി​ൽ പോകുന്നത്.

ബോട്ടുകളുടെ രജിസ്ട്രേഷൻ ഫീസ്

കേരളത്തി​ൽ : 60,000 രൂപ

തമിഴ് നാട്, കർണാടക : 1000 രൂപ