കെ.എസ്.ഇ.ബി സംഘത്തെ കാട്ടാനക്കൂട്ടം ഓടിച്ചു

Monday 02 June 2025 12:46 AM IST

പുനലൂർ: വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ തകരാർ പരിഹരിക്കാൻ എത്തിയ കെ.എസ്.ഇ.ബി സംഘത്തെ കാട്ടാനക്കൂട്ടം ഓടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കവേ രണ്ടു പേർക്ക് വീണ് പരിക്കേറ്റു. തെന്മല സെക്ഷനിലെ സബ് എൻജിനിയർ ഹരികൃഷ്ണൻ, വർക്കർ തുളസി എന്നിവർക്കാണ് കാലിന് പരിക്കേറ്റത്.

ശനിയാഴ്ച വൈകിട്ട് നാലോടെ മാമ്പഴത്തറ- കുറവന്താവളം ഭാഗത്തായിരുന്നു സംഭവം. റബർ എസ്റ്റേറ്റിലൂടെയും വനത്തിലൂടെയുമുള്ള ഈ ഭാഗത്തെ കെ.വി ലൈൻ കഴിഞ്ഞ ഒരാഴ്ചയായി തകരാറിലായി എസ്റ്റേറ്റ് മേഖലയിൽ വൈദ്യുതി മുടങ്ങിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ആണ് നാലംഗ സംഘം എത്തിയത്. റബർ തോട്ടവും വനവും ചേർന്ന് ജനവാസ മേഖലക്ക് സമീപമുള്ള സ്ഥലത്തെത്തി ലൈനിലെ തകരാർ കണ്ടുപിടിച്ചു. ഇത് പരിഹരിക്കുന്നതിനിടയിലാണ് ഒരു കുട്ടിയാന ഉൾപ്പെടെ ആനക്കൂട്ടം ഇവരുടെ മുന്നിൽ എത്തുന്നത്. ഇവർ പിൻമാറാൻ ശ്രമിക്കും മുമ്പേ ആന ഇവരെ ഓടിച്ചു. ഭയന്ന് ഓടുന്നതിനിടെ കാല് വഴുതി വീണും കാട്ടുകമ്പ് കൊണ്ടും ഇരുവർക്കും പരിക്കേൽക്കുകയായിരുന്നു.