കാർഷിക വിളകൾ സൂക്ഷിക്കാൻ ഗ്രാമങ്ങളിൽ സംഭരണ ശാലകൾ

Monday 02 June 2025 1:19 AM IST

ആലപ്പുഴ: നെല്ല്, പച്ചക്കറികൾ, പഴവർഗങ്ങൾ അടക്കം കാർഷിക വിളകൾ മാസങ്ങളോളം സൂക്ഷിക്കാൻ ഗ്രാമങ്ങൾതോറും കർഷകർക്കായി സംഭരണ ശാലകൾ സ്ഥാപിക്കും. നെല്ല് സൂക്ഷിക്കാൻ കാറ്റും വെളിച്ചവും കടക്കാത്ത പത്തായപ്പുരകൾ, പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ, സുഗന്ധ വ്യഞ്ജന സ്റ്രോറേജുകൾ എന്നിവയടക്കമാണ് സജ്ജമാക്കുക. ഇതിനായി കേരളത്തിലെ സംരംഭകർക്ക് വായ്പ നൽകാൻ കേന്ദ്രം 2,520 കോടി അനുവദിച്ചു.

സംഭരണ,​ വിതരണ സൗകര്യങ്ങളില്ലാതെ രാജ്യത്തെ 40% വിളയും നശിച്ചു പോകുന്നതിന് പരിഹാരമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് (എ.ഐ.എഫ്) പദ്ധതിയുടെ ഭാഗമായാണിത്. ക‌ർഷകർക്കും സഹകരണ സ്ഥാപനങ്ങൾക്കും സംരംഭകർക്കും ഭാഗമാകാം. നബാർഡിനാണ് നടത്തിപ്പ് ചുമതല.

സംഭരണശാലകൾ സ്ഥാപിക്കുന്നതിലൂടെ ഉണക്കിയെടുത്ത നെല്ല് എത്രകാലം വേണമെങ്കിലും സൂക്ഷിക്കാനാകും. കൊയ്ത്തു കാലത്ത് ഈർപ്പവും പതിരും പറഞ്ഞുള്ള മില്ലുകാരുടെയും ഇടനിലക്കാരുടേയും ചൂഷണമടക്കം ഒഴിവാകും.

കർഷകരെയും സംരംഭകരെയും പദ്ധതിയിലേക്ക് ആകർഷിക്കാൻ

സഹകരണ വകുപ്പ് കൃഷി വകുപ്പുമായി ചേർന്ന് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവരെ ഉൾപ്പെടുത്തി ക്യാമ്പയിൻ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പ്രയോജനപ്പെടുത്തും.

വായ്പാ പലിശ 9%

സംഭരണശാലകൾ സജ്ജമാക്കാൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ,​ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് വായ്പ നൽകും

9% പലിശയ്ക്കാണ് വായ്പ ലഭ്യമാക്കുക. 6- 24 മാസംവരെ തിരിച്ചടവിന് മോറട്ടോറിയമുണ്ട്

ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് പാലക്കാട്ട്- 490. ആലപ്പുഴയിൽ- 222

2,981

അപേക്ഷകർ

793.55 കോടി

ഇതുവരെ അപേക്ഷകർ

ആവശ്യപ്പെട്ട തുക

2 കോടി

ഒരു സംരംഭത്തിനുള്ള

പരമാവധി വായ്പ

7 വർഷം

തിരിച്ചടവ് കാലാവധി

''കേരളത്തിൽ കർഷകരുടെയും സംരംഭകരുടെയും പങ്കാളിത്തത്തോടെ സ്റ്റോറേജ് സംവിധാനം കൂടുതൽ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. സബ്സിഡി നൽകുന്നതിനായി പദ്ധതി വിഹിതത്തിൽ തുക വകയിരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്

-അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്‌ചർ

ഫണ്ട് വിഭാഗം, കൃഷി വകുപ്പ്