വി.ഡി.സതീശന് ഏകാധിപത്യ പ്രവണതയെന്ന് ലീഗിൽ വിമർശനം

Monday 02 June 2025 1:21 AM IST

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഏകാധിപത്യ പ്രവണതയെന്ന് മുസ്ലിം ലീഗ്

നേതൃയോഗത്തിൽ രൂക്ഷ വിമർശനം. കെ.എം.ഷാജി, എം.കെ.മുനീർ അടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനമുന്നയിച്ചത്.

പി.വി.അൻവർ പ്രശ്നം നീട്ടിക്കൊണ്ടു പോയി വഷളാക്കി. മുസ്ലിം ലീഗിന് ഒരു

കാലത്തുമില്ലാത്ത അവഗണനയാണ് യു.ഡി.എഫിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ പോയാൽ പാർട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും അഭിപ്രായമുയർന്നു. വിഷയം ഗൗരവതരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും

പറഞ്ഞു.വി.ഡി.സതീശൻ മുന്നണി മര്യാദ പാലിച്ചില്ലെന്ന അഭിപ്രായവും ഉയർന്നു. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം മുന്നണി പ്രവർത്തകർക്കുണ്ടായിരുന്നു. ആ വിശ്വാസ്യത കോൺഗ്രസ് നശിപ്പിച്ചു. 2026 ലെ തിരഞ്ഞെടുപ്പാണ് പ്രധാന വിഷയമെന്ന് ആരും ഓർത്തില്ല.തുടർച്ചയായി അൻവർ വാർത്താസമ്മേളനം നടത്തി യു.ഡി.എഫിനെ വിമർശിച്ചപ്പോൾ സമാനമായി വാർത്താസമ്മേളനം നടത്തി കോൺഗ്രസ് വിഷയം കൂടുതൽ വഷളാക്കി. ലീഗ് പല ഘട്ടത്തിലും അൻവറുമായി ബന്ധപ്പെട്ട് സാഹചര്യം തണുപ്പിക്കാൻ ശ്രമിച്ചപ്പോഴും കോൺഗ്രസ് നേതൃത്വം അട്ടിമറിച്ചു.

അതേസമയം, വി.എസ്.ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് അൻവർ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ അൻവറിന്റെ പരസ്യ ഇടപെടൽ പാടില്ലായിരുന്നുവെന്നും വിമർശനമുയർന്നു. രാഹുൽ മാങ്കൂട്ടത്തിലിനെയും മുസ്ലിംലീഗ് നേതൃയോഗത്തിൽ വിമർശിച്ചു. നേതൃത്വം തീരുമാനമെടുത്ത ശേഷം പാതിരാത്രി കൂടിക്കാഴ്ച്ചക്ക് പോയത് യു.ഡി.എഫിനാകെ നാണക്കേടായെന്ന് അംഗങ്ങൾ പറഞ്ഞു.

.