നിലമ്പൂരിൽ അൻവറും സ്ഥാനാർത്ഥി, വി.ഡി.സതീശന്റെ കാലുനക്കി മുന്നോട്ട് പോകാനില്ല

Monday 02 June 2025 1:26 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പൂവും പുല്ലും ചിഹ്നത്തിൽ മത്സരിക്കും. നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ന് പത്രിക സമർപ്പിക്കും.

വി.ഡി.സതീശന്റെ കാലുനക്കി മുന്നോട്ട് പോകാനില്ലെന്നും പോരാടി മരിക്കാൻ തയ്യാറാണെന്നും അൻവർ പ്രഖ്യാപിച്ചു. വി.ഡി.സതീശനിൽ ഹിറ്റ്ലറിന്റെ രൂപമുണ്ട്. കേരളത്തിലെ കോൺഗ്രസിൽ നടക്കുന്നത് ഹിറ്റ്ലറിസമാണ്. സതീശന് പിന്നിൽ പിണറായി വിജയനാണ്. അൻവറിനെ അടുപ്പിക്കരുതെന്നാണ് നിർദ്ദേശം.

പിണറായിയുടെ സഹായമില്ലെങ്കിൽ പറവൂരിൽ സതീശൻ വിജയിക്കില്ല. ഇനി സ്വയം കൊലയ്ക്ക് നിന്നുകൊടുക്കാനില്ല. സതീശനും ചില ഹരിത എം.എൽ.എമാരും കോൺഗ്രസിനെ കുട്ടിച്ചോറാക്കി.മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുത്താൽ കേരളത്തിൽ യു.ഡി.എഫിന്റെ അവസാനമാണെന്ന് പറഞ്ഞയാളാണ് സതീശൻ. ലീഗുകാർ ഈ നേതൃത്വം അംഗീകരിക്കുമോ? കെ.സുധാകരൻ അറിയാതെയായിരുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം. ഷൗക്കത്തിനെതിരായ ജനവികാരം ശക്തമാണ്. വ്യാപാരി വ്യവസായി സമൂഹവും എതിരാണ്. ഷൗക്കത്തിന് മുസ്ലിം സമുദായത്തിന്റെ പിന്തുണയില്ല. എം.എൽ.എ പദവി രാജി വയ്ക്കുമ്പോൾ വീണ്ടും മത്സരിക്കുമെന്ന് പറയാമായിരുന്നെങ്കിലും താനത് ചെയ്തില്ല. മലയോര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫിന് വഴി തുറക്കുകയാണ് ചെയ്തത്. കുടിയേറ്റ കർഷകനെ സ്ഥാനാർത്ഥിയാക്കിയാൽ യു.ഡി.എഫിന് ഗുണം ചെയ്യുമായിരുന്നു. അതിനാലാണ് ഡി.സി.സി പ്രസിഡന്റിനെ സ്ഥാനാർത്ഥിയാക്കണമെന്ന് പറഞ്ഞത്. ആര്യാടൻ ഷൗക്കത്തിന് വിജയിക്കാനാവില്ല. ഷൗക്കത്തുമായി മുന്നോട്ട് പോവുന്നത് അബദ്ധമാണെന്ന് പറഞ്ഞതും പരിഗണിക്കപ്പെട്ടില്ല. അതിന് ശേഷമാണ് ഭിന്നതയുണ്ടായത്.

ശബരിമല വിഷയത്തിലെ സ്വരാജിന്റെ നിലപാട് ജനം മറന്നിട്ടില്ല. പാലക്കാട് മത്സരിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിന് പരിപൂർണ്ണ പിന്തുണ കൊടുത്തിരുന്നു. സ്വകാര്യമായി എന്നെ വന്നുകണ്ടിരുന്നു. കെ.സുധാകരൻ മഞ്ചേരിയിൽ വന്ന് കണ്ടിട്ടുണ്ട്.

തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളുടെ കൈകളിലാണ്. 2026ലെ തിരഞ്ഞെടുപ്പ് വരെ ഒരുപക്ഷെ, ജീവിച്ചിരിക്കും. ജനങ്ങൾ നിലമ്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. മരണത്തെ ഭയമില്ല. എന്റെ ജീവൻ നിലമ്പൂരിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്കായി പദവികളും സൗകര്യങ്ങളും ത്യജിച്ച് അവരെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു. ഒമ്പത് വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നത്. ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. പണം വന്നുകൊണ്ടേയിരിക്കുന്നു. പ്രചാരണം ഏറ്റെടുത്തവർ നിരവധിയാണ്. വീടിന്റെ ആധാരം വരെ കൊണ്ടുവന്നവരുണ്ടെന്നും അൻവർ പറഞ്ഞു.