കടുവാപ്പേടിയിൽ നാട് : നാട്ടുകാർക്ക് പകരം അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കിറക്കി തോട്ടം ഉടമകൾ

Monday 02 June 2025 3:24 AM IST

കാളികാവ്: കടുവാപേടിയിൽ മലയോരം രണ്ടാഴ്ചയായി സ്തംഭിച്ചതോടെ തോട്ടങ്ങളിൽ ജോലികൾക്കായി ചില ഉടമകൾ അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിച്ചു. നാട്ടുകാരായ തൊഴിലാളികൾ കടുവയെ പേടിച്ച് ജോലിക്കു പോകാൻ വിസമ്മതിക്കുന്ന ഘട്ടത്തിലാണ് സാഹചര്യത്തെക്കുറിച്ച് ഒന്നുമറിയാത്ത് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കു വയ്ക്കുന്നത്. കരുവാരകുണ്ട് കേരള എസ്റ്റേറ്റിൽ ഇത്തരത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.

എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം കടുവയ്ക്കു വച്ച കെണിയിൽ പുലി പെട്ട അതേ സ്ഥലത്താണ് ഇതര സംസ്ഥാന തൊഴിലാളികൾ റബ്ബർ ടാപ്പിംഗ് നടത്തുന്നത്. കിഴക്കൻ മലയോരത്തെ തോട്ടം മേഖലയിലെ ടാപ്പിംഗ് തൊഴിലാളികളിൽ 98 ശതമാനവും അടുത്ത പ്രദേശങ്ങളിലുള്ള മലയാളികൾ തന്നെയാണ്. എന്നാൽ ഇവരാരും കഴിഞ്ഞ മാസം പതിനഞ്ചിനു ശേഷം ടാപ്പിംഗിനായി തോട്ടത്തിൽ കയറിയിട്ടില്ല.ടാപ്പിംഗ് മാത്രമല്ല കാടുവെട്ടൽ, വളം ചേർക്കൽ തുടങ്ങിയ ജോലികളും കടുവാപ്പേടി കാരണം എവിടെയും നടക്കുന്നില്ല. കേരള എസ്റ്റേറ്റ്, മഞ്ഞൾപാറ, കൽക്കുണ്ട്, തരിശ്, തുരുമ്പോട മേഖലകളിൽ കടുവാ ശല്യം കൂടുന്നതിന് മുമ്പു തന്നെ ആനശല്യവും പുലിശല്യവും ഉണ്ടായിരുന്നു. നാട്ടുകാർ പറഞ്ഞ കണക്കനുസരിച്ച് പത്തിലേറെ പുലികളും കുട്ടികളുമടങ്ങുന്ന സംഘമുണ്ടെന്നാണ് കണക്ക്. കടുവയെ സാധാരണയായി കണ്ടുതുടങ്ങുന്നത് രണ്ടു വർഷത്തിനിപ്പുറമാണ്. ഇങ്ങനെയുള്ള മേഖലയിലാണ് യാതൊരു സുരക്ഷാ മാർഗ്ഗങ്ങളുമില്ലാതെ തൊഴിലാളികൾ ജോലി ചെയ്യുന്നത്.റബർ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾ പുലർച്ചെ അഞ്ചിന് മുമ്പ് തോട്ടത്തിലെത്തും. തലയിൽ സെർച്ച് ലൈറ്റ് വച്ചാണ് ജോലി ചെയ്യാറുള്ളത്.ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് അപകടകരമാണ്.മേഖലയിൽ കടുത്ത കടുവാ ഭീഷണി നേരിടുന്ന അവസ്ഥ അറിയാത്ത ഇതര സംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ മലകയറുന്നത്.ഒരാളെ കൊന്ന് കറങ്ങി നടക്കുന്ന കടുവയെങ്കിലും കൂട്ടിലായാൽ ഭയത്തിൽ നിന്ന് താൽക്കാലിക മോചനമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.