യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തെതന്നെ രണ്ടാമൻ, വിഴിഞ്ഞത്തിന് പിന്നാലെ തലസ്ഥാനത്ത് മറ്റൊരു പദ്ധതി കൂടി വരുന്നു, നിർമ്മിക്കുന്നത് കേന്ദ്രസർക്കാർ

Monday 02 June 2025 3:35 AM IST

തിരുവനന്തപുരം: പൊഴിയൂരിലെ പുതിയ ഫിഷിംഗ് ഹാർബർ നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുക കുറയ്ക്കാൻ കേന്ദ്രം വീണ്ടും പുതിയ പഠനം നടത്തുന്നു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 343 കോടി രൂപയാണ് പുലിമുട്ട് ഉൾപ്പെടെയുള്ള പുതിയ ഹാർബർ നിർമ്മിക്കാൻ വേണ്ടത്. എന്നാൽ ഈ തുക കൂടുതലാണെന്നും ഇത് 220 കോടിക്ക് താഴെ നിറുത്തുന്നതരത്തിൽ എങ്ങനെ നിർമ്മാണം നടത്താമെന്നുമുള്ള പഠനമാണ് നടത്തുന്നത്. ദേശീയ ഓഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഘമാണ് പഠനം നടത്തുന്നത്.ഇവരുടെ പഠന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും നിർമ്മാണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുക കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.ഹാർബർ നിർമ്മിക്കുന്നത് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന വഴിയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

 തുക കൂടുതലാകുന്ന പുലിമുട്ട് നിർമ്മാണത്തിന് പാറ,​കല്ലുകൾ എന്നിവ ഉപയോഗിക്കുന്നതിന് പകരം മറ്റ് വഴിയും ആലോചിക്കുന്നുണ്ട്. സാധാരണയിൽ വലിയ ആഴമുള്ള സ്ഥലമായതിനാൽ ഡ്രെഡ്ജിംഗ് വേണ്ടിവരില്ല.

 സർക്കാരിന്റെ അഞ്ച് കോടി

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാന സർക്കാർ അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ച് പ്രധാന പുലിമുട്ട് വരുന്ന ഭാഗത്ത് 65 മീറ്റർ നീളത്തിൽ ഗ്രോയിൻ നിർമ്മിക്കും. ഈ ഗ്രോയിൻ ഭാവിയിൽ പ്രധാന പുലിമുട്ടിന്റെ ഭാഗമാകും. ഇത് പൂർത്തിയായിട്ടില്ല.

സംസ്ഥാനത്തെ രണ്ടാമൻ

പൊഴിയൂരിലെ ഹാർബർ യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തെതന്നെ രണ്ടാമത്തെ വലിയ ഹാർബറായി ഇത് മാറും. കൊല്ലങ്കോട് മുതൽ പൂവാർ പൊഴിക്കര വരെയുള്ള മത്സ്യത്തൊഴിലാളികൾക്കാണ് ഹാർബർ കൊണ്ട് പ്രയോജനം. നിലവിൽ ഇവർ ദൂരസ്ഥലങ്ങളിലെ ഫിഷിംഗ് ഹാർബറുകളെയാണ് ആശ്രയിക്കുന്നത്.