ഓടയിൽ ഒഴുക്കിൽപ്പെട്ട് നാലര വയസുകാരിക്ക് ദാരുണാന്ത്യം; മരണം തേടിയെത്തിയത് ആദ്യമായി സ്കൂളിൽ പോകാനിരിക്കെ
Monday 02 June 2025 10:23 AM IST
കൊല്ലം: വീടിനുസമീപത്തെ ഓടയിൽ ഒഴുക്കിൽപ്പെട്ട് നാലര വയസുകാരിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ പാലവിളയിൽ വീട്ടിൽ അനീഷിന്റെയും രശ്മിയുടെ മകൾ അക്ഷികയാണ് (കല്യാണി) മരിച്ചത്.
അവധി ആഘോഷിക്കാനായി ഒരു മാസം മുമ്പാണ് പെൺകുട്ടി ചവറയിലെ അപ്പൂപ്പന്റെ വീട്ടിൽ എത്തിയത്. കൂട്ടുകാർക്കൊപ്പം ഓടയുടെ സ്ലാബിൽക്കൂടി സൈക്കിൾ ഉരുട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ലാബില്ലാത്ത ഭാഗത്തുവച്ച് കാൽവഴുതി ഓടയിൽ വീഴുകയായിരുന്നു.
പള്ളിക്കൽ എൻ എസ് എസ് എൽ പി സ്‌കൂളിൽ എൽ കെ ജിയിൽ പ്രവേശനം നേടിയതാണ് അക്ഷിക. ഇന്ന് ആദ്യമായി സ്‌കൂളിൽ പോകാനിരിക്കെയാണ് മരണം തേടിയെത്തിയത്.
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടയിലിറങ്ങി തെരച്ചിൽ നടത്തി. മുന്നൂറു മീറ്റർ അകലെ നിന്ന് അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.