'നവകേരള  സദസിന്റെ  പേരിൽ മന്ത്രി  റിയാസ് പണം വാങ്ങി'; തെളിവുകൾ പുറത്തുവിടുമെന്ന് പിവി അൻവർ

Monday 02 June 2025 2:32 PM IST

നിലമ്പൂർ: നവകേരള സദസിന്റെ പേരിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കരാറുകരോട് പണം വാങ്ങിയതായി പി വി അൻവർ. റിയാസും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ കരാറുകരോട് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ, വീഡിയോ തെളിവുകളുണ്ടെന്നും അൻവർ അവകാശപ്പെടുന്നു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് വി ഡി സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇതൊരു മുന്നറിയിപ്പായി പറയുകയാണ്. ഒരു പരിധി കഴിഞ്ഞാൽ പ്രതിരോധിക്കേണ്ടി വരും. നവകേരള സദസിന് പിരിവിട്ടാണ് പെെസ കണ്ടെത്തിയത്. എനിക്ക് 50 ലക്ഷം കടംവന്നു. നിയോജക മണ്ഡലം കമ്മിറ്റികൾക്കായിരുന്നു പണപ്പിരിവിന്റെ ചുമതല. കരാറുകാരിൽ നിന്ന് റിയാസ് നേരിട്ട് പണം പിരിച്ചു. ബലമായാണ് പണം പിരിച്ചത്. എന്നെ വ്യക്തിഹത്യ നടത്തിയാൽ അതേരീതിയിൽ തിരിച്ചടിക്കും. തെളിവുകൾ പുറത്തുവിടും',- അൻവർ പറഞ്ഞു.

നിലമ്പൂരിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് പി വി അൻവർ വ്യക്തമാക്കുന്നത്. താൻ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അൻവറിന്റെ കരുത്ത് ജനങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇരുമുന്നണികളെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും. ഭൂരിപക്ഷം ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇരുമുന്നണികളിലെയും വോട്ടർമാർ തനിക്കൊപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. വഞ്ചകൻ എന്ന മുഖ്യമന്ത്രിയുടെ വിളിക്ക് കൃത്യമായി മറുപടി നൽകും. ജനം വഞ്ചകരെ തോൽപ്പിക്കും. ഇത്തവണ മത്സരം ജനങ്ങൾക്ക് ഗുണമാകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.