മൗറീഷ്യസിനെ ഉലച്ച കപ്പൽ ദുരന്തം; ഉത്തരവാദി ഇന്ത്യക്കാരൻ ക്യാപ്‌റ്റൻ
കൊച്ചി: കൊച്ചി തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ എൽസ 3 എന്ന ചരക്കുകപ്പൽ മുങ്ങിയപ്പോൾ പലരുടെയും മനസിൽ തെളിഞ്ഞത് അഞ്ച് വർഷം മുമ്പ് മൗറീഷ്യസിലുണ്ടായ കപ്പൽദുരന്തമാണ്. പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻനാശം വരുത്തിയ ആ എണ്ണക്കപ്പൽ ദുരന്തത്തിന് കാരണക്കാരനായ ഇന്ത്യക്കാരൻ ക്യാപ്‌റ്റൻ അനുഭവിച്ചത് 20 മാസം തടവുശിക്ഷ.
ജപ്പാൻ കമ്പനിയുടെ 'എം.വി വെക്കാഷ്യോ" 2020 ജൂലായ് 25നാണ് മൗറീഷ്യസ് തീരത്തെ പോയിന്റ് ഡി.എൻ.സി ദ്വീപിൽ ഇടിച്ചുകയറി തകർന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ആയിരം ടൺ ഡീസൽ കടലിലും കരയിലും പരന്നു. ദേശീയദുരന്തമായി പ്രഖ്യാപിച്ചാണ് മൗറീഷ്യസ് അതിനെ നേരിട്ടത്.
ഒരാഴ്ച പിന്നിട്ടപ്പോൾ കപ്പൽ രണ്ടായി പിളർന്നു. 30 കിലോമീറ്ററോളം ചുറ്റളവിൽ എണ്ണ പരന്നു. ആയിരങ്ങൾ ആഴ്ചകളോളം അദ്ധ്വാനിച്ചാണ് എണ്ണപ്പാട നീക്കിയത്. അപ്പോഴേക്കും ആയിരം ചതുരശ്ര അടി പവിഴപ്പുറ്റുകൾ നശിച്ചതടക്കം വൻ പ്രത്യാഘാതമാണ് ഉണ്ടായത്.
ജനങ്ങൾ മത്സ്യം കഴിക്കാതായതോടെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു. ആയിരത്തിലേറെ മത്സ്യത്തൊഴിലാളികൾക്ക് 1,12,000 മൗറീഷ്യൻ രൂപ (580 യു.എസ് ഡോളർ) വീതം ഇൻഷ്വറൻസ് കമ്പനി നൽകി.
ദുരന്തമായത് പിറന്നാൾ ആഘോഷം
ഇന്ത്യക്കാരനായ സുനിൽകുമാർ നന്ദേശ്വറായിരുന്നു ക്യാപ്‌റ്റൻ. ശ്രീലങ്കക്കാരൻ ഹിതാനില്ലഗേ തിലരത്‌നയായിരുന്നു ഫസ്‌റ്റ് ഓഫീസർ. ജീവനക്കാരിൽ ഒരാളുടെ പിറന്നാൾ ആഘോഷമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി. ഡെക്കിലെ ആഘോഷത്തിൽ പങ്കെടുത്തിരുന്ന ക്യാപ്‌റ്റൻ കപ്പൽ നിയന്ത്രിച്ച ഓഫീസർക്ക് ദിശ കൃത്യമായി നൽകുന്നതിൽ വരുത്തിയ വീഴ്‌ചയാണ് അപകട കാരണം. 2021 ഡിസംബറിൽ മൗറീഷ്യസ് കോടതി ഇരുവർക്കും 20 മാസത്തെ കഠിനതടവ് വിധിച്ചു.
കൊച്ചിയിൽ കടുത്ത ആശങ്കയില്ല
ദുരന്തത്തിൽ നിന്ന് മുക്തമാകാൻ മൗറീഷ്യസിന് മൂന്നുവർഷത്തോളം വേണ്ടിവന്നെന്ന് കൊച്ചിയിലെ മത്സ്യശാസ്ത്രജ്‌ഞർ പറഞ്ഞു. എന്നാൽ, കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെയാണ് എൽസ 3 മുങ്ങിയത്. എണ്ണയും രാസവസ്‌തുക്കളും കടലിൽ കലർന്നാൽ മത്സ്യസമ്പത്തിന് ഭീഷണിയാണെങ്കിലും കടുത്ത ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.