മുടിവെട്ടിയത് ശരിയായില്ല; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കി

Monday 02 June 2025 3:23 PM IST

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്നാരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മീഷനും സിഡബ്ല്യൂസിക്കും പരാതി നൽകി.

'ഞാൻ സ്‌കൂളിൽ ചെന്നപ്പോൾ രണ്ട് സാറന്മാർ എന്നെ പിടിച്ചു. അപ്പായുടെ ഫോൺ നമ്പർ ചോദിച്ചു. അപ്പ വന്നില്ലെങ്കിൽ ക്ലാസിൽ കയറ്റില്ലെന്ന്. ഞാൻ ഇന്നലെ മുടി വെട്ടിയതാണ്. പക്ഷേ നല്ലപോലെ വെട്ടിയില്ലെന്ന് പറഞ്ഞു. എന്നെ മൂന്ന് മണിക്കൂർ പുറത്തുനിർത്തി.'- വിദ്യാർത്ഥി പറഞ്ഞു.

'മുടി വെട്ടിയതിൽ അപാകതയുണ്ടെങ്കിൽ വൈകിട്ട് കൊണ്ടുപോയി വെട്ടിക്കാമെന്ന് ഫോണിലൂടെ പറഞ്ഞു. പറ്റത്തില്ല, സ്‌കൂളിലേക്ക് വരണമെന്ന് പറഞ്ഞു. വന്നില്ലെങ്കിൽ കുട്ടിയെ മൊത്തം വെളിയിൽ നിർത്തുമെന്ന് പറഞ്ഞു. ഞാൻ ഇവിടെ വന്ന്, ഈ നടപടി ശരിയല്ലെന്ന് പറഞ്ഞു. സ്‌കൂളിൽ വരുന്ന രീതിയിൽ വൃത്തിയായി മുടി വെട്ടണമെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്.'- കുട്ടിയുടെ പിതാവ് പറഞ്ഞു. അടൂർ സി ഐ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.