"2026ൽ നൂറിലധികം സീറ്റുകളുമായി തിരിച്ചെത്തും; എനിക്ക് മുഖ്യമന്ത്രിയോടൊരു അപേക്ഷയുണ്ട്"

Monday 02 June 2025 5:15 PM IST

മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് കൺവെൻഷനിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയ പാതയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

2026ൽ നൂറിലധികം സീറ്റുകളുമായി തിരിച്ചെത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. 'എനിക്ക് മുഖ്യമന്ത്രിയോടുള്ള അപേക്ഷ, ആശുപത്രിയിൽ മരുന്നില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷന് സർക്കാർ കോടികൾ കൊടുക്കാനുണ്ട്. അതുകൊണ്ടാണ് വിതരണക്കാർ മരുന്നുകൊടുക്കാത്തത്. ആദ്യം ആ പൈസ കൊടുക്കണം.

രണ്ടാമത്, മാവേലി സ്റ്റോറിൽ ഒരു സാധനവുമില്ല. കോടികളാണ് സപ്ലൈകോ വിതരണക്കാർക്ക് കൊടുക്കാനുള്ളത്. ആ പണമൊന്ന് കൊടുക്കണം. ആശാവർക്കർമാർ സമരം ചെയ്യുമ്പോൾ അവരുടെ ഓണറേറിയം വർദ്ധിപ്പിക്കണം. സർക്കാർ ജീവനക്കാർക്ക് കൊടുക്കാനുള്ള പണം കൊടുക്കണം. അങ്കണവാടി ജീവനക്കാർക്ക് ആനുകൂല്യം കൊടുക്കണം. കെട്ടിട നിർമാണ തൊഴിലാളികളുടെ ആനുകൂല്യം കൊടുക്കണം. സ്‌കൂളിലെ പാവപ്പെട്ട പാചകത്തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ട് മൂന്ന് മാസമായി. അതൊന്നുകൊടുക്കണം. നിങ്ങൾ കൊടുക്കാനുള്ള തുക ഏകദേശം ഒന്നരലക്ഷം കോടിയാണ്. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ കേരളത്തിലെ ആകെ പൊതുകടം 1.5 ലക്ഷം കോടിയായിരുന്നു. 2026ൽ ഇവർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ കേരളത്തിലെ ആകെ പൊതുകടം ആറ് ലക്ഷം കോടിയാണ്. കേരളത്തെ ദുരിതപൂർണമാക്കിയ സർക്കാരാണിത്.'- വി ഡി സതീശൻ പറഞ്ഞു.