ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി അഭിമുഖം, 'കടക്കെണിയില്ല,​ വികസനം മുന്നോട്ടു തന്നെ'

Tuesday 03 June 2025 3:31 AM IST

കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക വിഷയങ്ങളിൽ അനുകൂല നിലപാടുകൾ ഉണ്ടാകാതിരുന്നിട്ടും മികച്ച ധന മാനേജ്മെന്റിലൂടെ ധനപ്രതിസന്ധി മറികടക്കുന്നതിൽ മന്ത്രി കെ.എൻ. ബാലഗോപാലിന് നിർണായക റോളാണുള്ളത്. നിശബ്ദമായി, ബഹളങ്ങളില്ലാതെ കൃത്യനി‌ർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെയും വിമർശനങ്ങളെയും അവയുടെ യഥാർത്ഥവശങ്ങളെയും കുറിച്ച് ധനമന്ത്രി 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

? അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ്. ഖജനാവിൽ കാശുണ്ടോ.

ഒരുമിച്ചു കൂട്ടിവയ്ക്കുകയല്ലല്ലോ. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട പണം വലിയ തോതിൽ കിട്ടുന്നില്ല. അതിന്റെ ബുദ്ധിമുട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾ തടസപ്പെടാതിരിക്കാനും ശമ്പളം, അലവൻസുകൾ, ആശുപത്രി, പെൻഷൻ, പൊതുവിതരണം തുടങ്ങി സാധാരണ ജനങ്ങൾക്കു കൊടുക്കേണ്ട കാര്യങ്ങൾക്കുമുള്ള പണം കണ്ടെത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി റോഡുകൾ, നാഷണൽ ഹൈവേ എല്ലാം വികസിപ്പിക്കാനുള്ള പണം മുടക്കുന്നില്ല. വിഴിഞ്ഞം പോലെ മൂലധന നിക്ഷേപമുള്ള പദ്ധതി സംസ്ഥാന സർക്കാർ ഒറ്റയ്ക്ക് പണം മുടക്കി ഏറ്റെടുത്തു. അതും ഈ ഘട്ടത്തിലാണ്.

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലായതും ഈ ഘട്ടത്തിലാണ്. അതെല്ലാം കൃത്യമായി ചെയ്തു പോകുന്നുണ്ട്. പക്ഷേ കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള പണത്തിന്റെ കണക്കു പറഞ്ഞാൽ അമ്പരക്കും. ഏകദേശം 50,​000 കോടിയെങ്കിലും തെട്ടുമുൻപത്തെ അഞ്ചുവർഷത്തെയും,​ അതിനു മുൻ വർഷത്തേയും കിട്ടുന്ന റേറ്റിൽ നോക്കിയാൽ പ്രതിവർഷം കുറയുന്നുണ്ട്. ഞാൻ ധനകാര്യ മന്ത്രിയായതിനു ശേഷം വ്യത്യസ്ത കോമ്പൻസേഷനുകളിലായി 33,000 കോടി കിട്ടിക്കൊണ്ടിരുന്നത്,​ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 6000 കോടിയായി. അതു മാത്രം 27,000 കോടി കുറഞ്ഞു!

?​ ഇത് രാഷ്ട്രീയമാണോ.

രാഷ്ട്രീയമാണോ എന്നു ചോദിച്ചാൽ കുറെ കാര്യങ്ങൾ രാഷ്ട്രീയമായി തന്നെയാണ്. കാരണം മറ്റു പല സംസ്ഥാനത്തിനും കിട്ടുന്ന സഹായം ചില പ്രത്യേക കേസുകളിൽ നമുക്ക് കിട്ടുന്നില്ല. ഉദാഹരണത്തിന്,​ വയനാട് ദുരന്തത്തിൽ ഒന്നും കിട്ടിയില്ല. ഒരു പ്രത്യേക പാക്കേജ് പോലും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പക്ഷെ എന്തു തന്നെയായാലും വയനാട്ടിൽ പുനർനിർമ്മാണം നടത്തുമെന്നും അതിനായി 750 കോടി വകയിരുത്തുമെന്നും പറഞ്ഞ വാക്ക് സംസ്ഥാന സർക്കാർ പാലിച്ചു. കേന്ദ്ര സഹായം കിട്ടുമെന്നുള്ള പ്രതീക്ഷ പോലും ജനങ്ങളിൽ അസ്തമിച്ചിരിക്കുകയാണ്.

പണം മുടക്കിയത് സംസ്ഥാനമാണെങ്കിലും വിഴിഞ്ഞം പദ്ധതി പ്രധാനമന്ത്രിയാണ് രാഷ്ട്രത്തിനു സമർപ്പിച്ചത്. അതിന് വി.ജി.എഫ് നൽകാമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത് വലിയ തുക തിരിച്ചടയ്ക്കുന്ന ഒരു കടമായിട്ടാണ് നൽകുന്നത്. പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷിച്ചത്. ഉദ്ഘാടന വേളയിൽ അത് അനൗൺസ് ചെയ്യുമെന്ന് നമ്മൾ പ്രതീക്ഷിച്ചു. രണ്ടാമത്,​ വയനാട് പാക്കേജ് താമസിച്ചിട്ടാണെങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കുമെന്ന് വിശ്വസിച്ച അപൂർവം ആളുകളെയുള്ളൂ. കേരളകൗമുദി ആദ്യം മുതൽ ആ കാര്യത്തിൽ മുൻകൈ എടുത്തിട്ടുണ്ടായിരുന്നു. ഈ നാലുവർഷം കൊണ്ടാണ് ഇതിന്റെ ഏറ്റവും കൂടുതൽ മൂലധന ചെലവുണ്ടായതും ഇത്രയും വേഗത്തിൽ നടന്നതും.

?​ കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞതു പോലെ ധനഞെരുക്കത്തിന്റെ കാലം കഴിഞ്ഞോ,​ കടക്കെണിയുണ്ടോ.

കടക്കെണിയിലല്ല. ധന ഞെരുക്കത്തിൽ നിന്ന് കുറച്ച് മെച്ചപ്പെടുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞത് ശരിയാണ്. പക്ഷേ കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട അർഹമായ നികുതി വിഹിതം കിട്ടാതിരുന്നാൽ ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാൻ പറ്റില്ല. 2021-22-ൽ ആണ് രണ്ടാം പിണറായി ഗവൺമെന്റ് വന്നത്. ആ വർഷവും അതിനടുത്ത വർഷവും മൂന്നാം വർഷവും ഞങ്ങൾക്ക് ഒരു വർഷം പരമാവധി ചെലവാക്കാൻ പറ്റിയത് 1,60,000 കോടിയാണ്. ഓരോ വർഷവും വരുമാനം വർദ്ധിക്കുന്നുണ്ട്. സത്യത്തിൽ 20-23 ശതമാനം വരെയൊക്കെ വരുമാനം വർദ്ധിച്ച വർഷങ്ങളാണ് ആദ്യ വർഷങ്ങൾ. പക്ഷേ ഓരോ വർഷവും തന്നുകൊണ്ടിരുന്ന റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് 19,000 കോടി ആയിരുന്നു. അത് കിട്ടാതെയായി.

ജി.എസ്.ടി വന്നപ്പോൾ സംസ്ഥാന ടാക്സിന്റെ അവകാശങ്ങളെല്ലാം പോയി. ആ നഷ്ടം ശരാശരി 12,​000 കോടി കഴിഞ്ഞ ഗവൺമെന്റിന്റെ അവസാന കാലത്തും ഈ സർക്കാരിന്റെ ആദ്യ വർഷവും ലഭിച്ചത് സീറോയായി. കടമെടുക്കൽ പരിധിയും കുറച്ചു. കിഫ്ബിയുടെ പേരിൽ എടുത്ത വായ്പ കടമെടുക്കൽ പരിധിയിലാക്കി ഒരു വർഷം ഏകദേശം 12,000 കോടി രൂപ വെട്ടിക്കുറയ്ക്കുന്നുണ്ട്. പെൻഷൻ കമ്പനി എന്നൊരു കമ്പനി നമ്മൾ ഉണ്ടാക്കിയിരുന്നു സാമൂഹിക ക്ഷേമ പെൻഷൻ ഏകദേശം 33,​000 കോടി രൂപയോളം ഒന്നാം പിണറായി സർക്കാരിന്റെ അവസാന വർഷം അതിന്റെ ബാദ്ധ്യതയായി നിൽപ്പുണ്ടായിരുന്നു. 20,​000 കോടി കൊടുത്തു തീർത്തു. ഇപ്പോൾ ഇതെല്ലാം കൂടി ഒരുമിച്ചു വരികയും,​ 14-ാം ധനകാര്യ കമ്മിഷൻ വന്നപ്പോൾ,​ കേന്ദ്രത്തിൽ നിന്ന് തന്നുകൊണ്ടിരുന്ന ടാക്സ് പൂളിൽ 2.5 ശതമാനമായി കുറവു വന്നത് 15 -ാം കമ്മിഷൻ വന്നപ്പോൾ 1.92 ആവുകയും ചെയ്തു. ചെറിയൊരു ശതമാനം എന്നു പറഞ്ഞാൽ ഒരു പതിനായിരം കോടിയുടെ വ്യത്യാസം വരും.

?​ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറയുന്നത് തരാനുള്ളത് തന്നെന്നാണ്...

അവരുണ്ടാക്കുന്ന നിയമം. അത് ബി.ജെ.പി ഗവൺമെന്റിന്റെ രാഷ്ട്രീയം. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളെ വല്ലാതെ വരിഞ്ഞു മുറുക്കുന്നതാണ്. നമ്മുടെ വളർച്ച പൊതുവെ കൂടുതലാണ്. പോപ്പുലേഷൻ കൺട്രോളുള്ളതുകൊണ്ട് ജനസംഖ്യ അനുസരിച്ച് നമ്മുടെ വിഹിതം കുറയും. രണ്ടാമത്തെ കാര്യം നമുക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നല്ല മെച്ചമുണ്ട്. സാക്ഷരത, ടോയ്ലറ്റ്, പ്രാഥമികാരോഗ്യ കേന്ദ്രം ഈ സ്ഥിതിയെല്ലാം മെച്ചപ്പെട്ടതുകൊണ്ട് അതിനുള്ള ഫണ്ടും നൽകുന്നില്ല.

?​ ഈ പ്രതിസന്ധിക്കിടയിൽ എങ്ങനെയാണ് ധനഞെരുക്കം കുറഞ്ഞെന്നു പറയുന്നത്.

47,000 കോടി ആയിരുന്നു നമ്മുടെ തനത് നികുതി വരുമാനം. നോൺ ടാക്സും കൂടി കൂട്ടി നമുക്ക് 54,000 കോടിയേ ഉണ്ടായിരുന്നുള്ളൂ. 2021-22 മുതൽ ഇക്കോണമിയിൽ ഒരു ഉയർച്ച വന്നു തുടങ്ങി. അതിന്റെ ഭാഗമായി നമുക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 95,000 കോടിയോളം രൂപ ടാക്സും നോൺ ടാക്സ് റവന്യു ആയും വന്നു. 54,000 കോടിയിൽ നിന്ന് 95,000 കോടി. അത്രയും വ്യത്യാസം വന്നു. പ്രളയവും കൊവിഡും കഴിഞ്ഞുണ്ടായ ഉയർച്ചയാണ് ഈ വ്യത്യാസം. കേന്ദ്രത്തിൽ നിന്നുണ്ടായ കുറവിനെ അഡ്ജസ്റ്റ് ചെയ്യാൻ അത് ഉപയോഗിച്ചു. നമുക്കു കിട്ടേണ്ട 50,000 കോടി കൂടി കേന്ദ്രം തന്നില്ലെങ്കിലും ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് ഒരു വർഷം നമ്മൾ ചെലവാക്കിയിരുന്നത് ശരാശരി 1,15,000 കോടിയാണ്. ഈ പ്രതിസന്ധിയുണ്ടായിട്ടും ഇപ്പോഴത് 1,65,000 കോടിയിലേക്ക് ഉയർന്നിട്ടുണ്ട്.

ഈ മൂന്നുവർഷം 1,60,000 കോടിയേ നമുക്ക് ചെലവാക്കാൻ പറ്റിയിരുന്നുള്ളൂ. ഈ വർഷം ഈ സാമ്പത്തിക വളർച്ച വന്നതുകൊണ്ട് ഞാൻ നിയമസഭയിൽ 1,78,000 കോടി ആണ് ടാർജറ്റ് ചെയ്യുന്നതെന്ന് പറഞ്ഞു. അന്ന് പ്രതിപക്ഷം പറഞ്ഞത് ബഡ്ജറ്റ് തന്നെ ഒരു ഇലക്ഷൻ മാനിഫെസ്റ്റോ ആണെന്നാണ്. എനിക്ക് വെറുതെ പറഞ്ഞിട്ട് പോകാൻ പറ്റില്ല. കാരണം അക്കൗണ്ട്,​ സി ആൻഡ് എ.ജി ഒക്കെ ഓഡിറ്റ് ചെയ്യുന്നതാണ്. സി ആൻഡ് എ.ജിയുടെ പ്രാഥമിക ഓഡിറ്റ് വന്നപ്പോൾ 1,72,000 കോടി ചെലവായിട്ടുണ്ടെന്നു മാത്രമല്ല,​ ഫൈനൽ കണക്കു വരുമ്പോൾ 1,75,000 എങ്കിലുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പ്രതിസന്ധിക്കകത്തു നിന്ന് ചെറുതാണെങ്കിലും ഉയർച്ചയുടെ ചിറകടി കണ്ടില്ലേ.

?​ ധനമന്ത്രി പദവി ഒരു മുൾക്കിരീടമാണോ.

മുൾക്കിരീടമല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടേറിയ ചുമതലയാണ്. പണം ഒരിക്കലും ആളുകൾക്ക് മതിയാവില്ല. ചില കാര്യങ്ങളിൽ നമ്മൾ കടുത്ത നിലപാടെടുക്കേണ്ടി വരും. എന്നാൽ ആവശ്യങ്ങളൊന്നും തടസപ്പെടരുത്

?​ വാർഷികത്തിന് കോടികൾ ചെലവഴിക്കുമ്പോൾ ആശമാർക്ക് കൊടുക്കാൻ പണമില്ലെന്നാണ് ആരോപണം...

ആശമാർക്ക് കൊടുക്കാനുള്ള പണം കൊടുത്തിട്ടുണ്ട്. ഇന്ത്യയിൽ ഏതു സ്ഥലത്ത് കൊടുക്കുന്നതിന്റെയും അഞ്ചും എട്ടും ഇരട്ടി കൊടുത്തിട്ടുണ്ട്. ആശമാർക്കു മാത്രമല്ല മറ്റു മേഖലകളിലും കൊടുത്തിട്ടുണ്ട്.

?​ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനാൽ ജനം പലതും പ്രതീക്ഷിക്കും. എങ്ങനെ മാനേജ് ചെയ്യും.

ജനങ്ങൾക്കു കിട്ടുന്ന ക്ഷേമ പെൻഷന്റെ കുടിശിക അഞ്ചുമാസത്തെ ഉണ്ടായിരുന്നു. ഈ കുടിശിക കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി മൂന്നുമാസത്തേത് കൊടുത്തു. പെൻഷൻ കൊടുത്തു തീർക്കാൻ പ്രതിജ്ഞാബദ്ധരാണ്. രണ്ടാമത്,​ അതിനൊപ്പം സപ്ലൈക്കോ ഉൾപ്പെടെയുള്ളവ സാധാരണ നിലയിലേക്ക് എത്തിക്കുക എന്നതാണ്. കിട്ടാനുള്ള പണം കേന്ദ്രം നൽകാതിരുന്നപ്പോഴും നമ്മൾ പിടിച്ചുനിന്നു. ഇപ്പോൾ അങ്ങനെ നിന്നു പോകില്ല. ഇത് സ്‌മൂത്ത് ആയി മുന്നോട്ടു പോകും.1,​15,​000 കോടിയിൽ നിന്ന് ഇപ്പോൾ 1,​75,​000 കോടിയിലേക്ക് ശരാശരി ചെലവ് വർദ്ധിക്കുമ്പോൾ 50 ശതമാനം കാര്യങ്ങൾ അധികം നടക്കുകയാണ് .

?​ ഉറക്കമില്ലാത്തതായിരുന്നോ ഈ നാലു വർഷം.

അങ്ങനെയൊന്നും പറയാൻ പറ്റില്ല, നല്ല ടെൻഷൻ ഉണ്ടാകുന്ന ധാരാളം കാര്യങ്ങളുണ്ട്. ഏതു മേഖലയിൽ ബുദ്ധിമുട്ട് വരുമ്പോഴും എല്ലാവരുടെയും നോട്ടം ധനമേഖലയിലേക്കാണ്. അതിനൊക്കെ അതീതമായി നമ്മൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സമൂഹമാണ് വിലയിരുത്തുന്നത്. ഞാൻ ആളുകളുടെ എല്ലാ പ്രശ്നങ്ങളും ന്യായമായിട്ട് കേൾക്കാൻ ശ്രമിക്കാറുണ്ട്. അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാറില്ല എന്ന ഒരു ധാരണ പൊതുവിലുള്ളത് നല്ലതാണ്. മുഖ്യമന്ത്രിയുടെ പിന്തുണ എല്ലാ കാര്യത്തിലുമുണ്ട്; സഹപ്രവർത്തകരുടെയും.

?​ ഭരണത്തുടർച്ച ഉണ്ടാവുമോ.

ഭരണത്തുടർച്ച ഉണ്ടാവണമെന്നത് ഞങ്ങളുടെ ആഗ്രഹം മാത്രമല്ല,​ ജനങ്ങളുടെ ഇടയിലും പൊതുവിൽ ചർച്ച അങ്ങനെയാണ്. ഒന്നാം ഗവൺമെന്റ് കഴിഞ്ഞ് രണ്ടാം ഗവൺമെന്റ് വന്നതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ നടപ്പിലാക്കിയത്. ഇനിയൊരു തുടർച്ചയും കൂടിയുണ്ടാവുക എന്നു പറഞ്ഞാൽ ഈ കാര്യങ്ങളൊക്കെ വളരെയധികം മെച്ചപ്പെടുത്താൻ പറ്റും.

(അഭിമുഖം പൂർണരൂപം കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക)