ആയിരം കോടി രൂപയുടെ റിസ്‌ക് ഫണ്ട് നൽകി
കൊച്ചി: കേരള സഹകരണ റിസ്‌ക് ഫണ്ട് ആയിരം കോടി രൂപയോളം വിതരണം ചെയ്തെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തി സർക്കാർ ഒപ്പമുണ്ടെന്ന പ്രവർത്തനങ്ങളാണ് സഹകരണ വകുപ്പുകൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്‌ക് ഫണ്ട് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ 801 പേർക്ക് 8,77,34,989 രൂപയുടെ സഹായം വിതരണം ചെയ്തു. 2008ൽ റിസ്‌ക് ഫണ്ട് പദ്ധതി ആരംഭിച്ചതു മുതൽ 1,22,227 വായ്പകളിലായി 970.24 കോടി രൂപയുടെ റിസ്‌ക് ഫണ്ട് മരണാനന്തര, ചികിത്സാ ധനസഹായം എന്നിവ ബോർഡ് അനുവദിച്ചുനൽകി. നിലവിലെ ഭരണസമിതി 45,167 വായ്പകളിലായി 410.33 കോടി രൂപയുടെ റിസ്‌ക് ഫണ്ട് മരണാനന്തര, ചികിത്സാസഹായങ്ങൾ നൽകി.
കാക്കനാട് കേരള ബാങ്ക് എം.വി ജോസഫ് സ്‌മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷനായി. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനും മുൻ എം.എൽ.എയുമായ സി.കെ. ശശീന്ദ്രൻ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ രാധാമണി പിള്ള, സംസ്ഥാന സഹകരണ യൂണിയൻ അംഗം വി.എം. ശശി തുടങ്ങിയവർ പങ്കെടുത്തു.
താലൂക്ക് തുക
പറവൂർ 1,14,63,591 രൂപ
കുന്നത്തുനാട് 1,09,31,651 രൂപ
കോതമംഗലം 1,16,40,578 രൂപ
മൂവാറ്റുപുഴ 1,52,82,833 രൂപ
കണയന്നൂർ 1,53,14,662 രൂപ
കൊച്ചി 1,32,29,871 രൂപ
ആലുവ 54,55,505 രൂപ
കേരള ബാങ്ക് നേരിട്ട് നൽകിയത് 44,16,298 രൂപ