ചെറിയ ക്ലാസുകളിലെ അദ്ധ്യാപകർ ആദരണീയർ: ജില്ലാകളക്ടർ

Tuesday 03 June 2025 12:48 AM IST

കൊച്ചി: സമൂഹത്തിൽ നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്ന ചെറിയ ക്ലാസുകളിലെ അദ്ധ്യാപകർ ഏറെ ആദരവിനും ബഹുമാനത്തിനും അർഹരാണെന്ന് ജില്ലാ കളകളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. കുട്ടികളിലെ പഠനവൈകല്യം കണ്ടെത്തുന്നതിന് ലേണിംഗ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിക്‌ട് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ചൈൽഡ് കെയർ സെന്റർ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ, കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്‌സ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പഠനപരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.എ.പി കൊച്ചിൻ പ്രസിഡന്റ് ഡോ. വിവിൻ അബ്രാഹം അദ്ധ്യക്ഷനായി. ചൈൽഡ് കെയർ സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്രാഹം കെ. പോൾ പദ്ധതി വിശദീകരിച്ചു. സഹോദയ സ്‌കൂൾ കോംപ്ലക്‌സ് പ്രസിഡന്റ് വിനുമോൻ കെ. മാത്യു, റോട്ടറി ക്ലബ് കൊച്ചിൻ സെക്രട്ടറി ഗായത്രി കൃഷ്ണൻ, കൊച്ചിൻ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ് അബ്രാഹം, ഐ.എ.പി മുൻ ദേശീയ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഐ.എ.പി കൊച്ചിൻ സെക്രട്ടറി ഡോ. എബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.