മഴ കുറഞ്ഞു,അഴുക്ക് ഒഴിയാതെ മാനാഞ്ചിറ
കോഴിക്കോട്: മഴ മാറി മാനം തെളിഞ്ഞിട്ടും മാനാഞ്ചിറയിലെ അഴുക്കിന് ശമനമില്ല. എൽ.ഐ.സി ബസ് സ്റ്റോപ്പ്, മിഠായിത്തെരുവിലെ ഇരിപ്പിടങ്ങൾ, ലൈബ്രറിക്ക് മുൻവശം, ഓട്ടോ പാർക്കിംഗ് എന്നിവിടങ്ങളിലെല്ലാം അഴുക്കുവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ കാൽ നടയാത്ര ദുസഹമായി. എൽ.ഐ.സി സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ കഴിയാത്ത സ്ഥിതിയിലാണ്. ചെളി മൂലം വാഹനങ്ങൾ പതിയെ പോകുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അഴുക്കുവെള്ളത്തിൽ നിന്ന് രക്ഷ നേടാൻ വാഹനങ്ങൾ മിഠായി തെരുവിലൂടെ പാർക്കിംഗ് പ്ലാസയ്ക്കായി ഒരുക്കിയ മെെതാനത്തിലൂടെയാണ് കയറി ഇറങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത ശക്തമായ മഴയിൽ മാനാഞ്ചിറക്ക് ചുറ്റും രൂപപ്പെട്ട വലിയ വെള്ളക്കെട്ടാണു ഇനിയും ഒഴിഞ്ഞ് പോകാത്തത്. കഴിഞ്ഞ മഴയ്ക്ക് മുമ്പ് സ്പോർട്സ് കൗൺസിൽ ഓഫീസിന് സമീപം ഫുട്പാത്തിനടിയിലെ ഓട തുറന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. അതിനാൽ അധിക സമയം വെള്ളം കെട്ടികിടന്നിരുന്നില്ല. എന്നാൽ ഉത്തവണ അഴുക്കുചാൽ വൃത്തിയാക്കി മണ്ണെടുത്തിട്ടില്ല. ഓവ് ചാലിന് വീതിയില്ലാത്തതാണ് പ്രശ്നം വഷളാക്കുന്നത്.
മിഠായിത്തെരുവ് നവീകരണത്തിന് ശേഷം തുടങ്ങിയതാണ് ഇവിടെ വെള്ളം കെട്ടിക്കിടന്നുള്ള ദുരിതം. പട്ടാളപ്പള്ളി മുതൽ ടൗൺഹാൾ വരെ റോഡ് കോർപറേഷന്റേതും ടൗൺഹാളിന് മുന്നിലുള്ളത് പൊതുമരാമത്ത് വകുപ്പിന്റേതുമാണ്. മലിനജലം കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നവുമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.
ഓവുചാൽ പ്രവൃത്തി ഉടൻ
മാനാഞ്ചിറയിൽ സ്പോർട്സ് കൗൺസിൽ ഹാളിന് മുന്നിൽ വിപുലമായ ഓവുചാൽ പണിയുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. നിലവിലെ ഓവ് ചാലിന് വീതി കൂട്ടുകയാണ് ചെയ്യുക. ഒപ്പം പട്ടാളപ്പള്ളി മുതൽ ലെെബ്രറിവരേയുള്ള ഭാഗം ഇന്റർലോക്ക് വിരിക്കുകയും ചെയ്യും. 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെൻഡർ നടപടികൾ ആരംഭിച്ചെന്നും ഇവ പൂർത്തിയാകുന്ന ഉടൻ മേയറുടെ അനുമതി തേടി പ്രവൃത്തി ആരംഭിക്കുമെന്നും കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു. നിലവിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർ ഓവുചാലിലെ മണ്ണ് നീക്കിയിട്ടുണ്ടെന്നും ഈ മഴക്കാലത്തിന് മുമ്പ് ഓവുചാലിന്റെ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.