കൗതുകം... ആഹ്ലാദം; വർണാഭമായി പ്രവേശനോത്സവം
കൊച്ചി: പുത്തൻ ബാഗും കുടയും പുതുവസ്ത്രങ്ങളുമണിഞ്ഞ് കുട്ടിക്കൂട്ടം... തോരണങ്ങളും അലങ്കാരങ്ങളും സമ്മാനങ്ങളും കൊണ്ട് വർണാഭമായ സ്‌കൂളുകൾ... ചിരിയോടെ കുട്ടികളെ വരവേറ്റ് അദ്ധ്യാപകർ... കുരുന്നുകളെ ഇരുത്തി ആകാംഷയോടെ ക്ലാസിലേക്ക് കണ്ണുംനട്ട് നില്ക്കുന്ന മാതാപിതാക്കൾ..
പതിവുപോലെ ഇത്തവണയും ജില്ലയിലെ സ്‌കൂൾ പ്രവേശനോത്സവ ചടങ്ങുകൾ ഗംഭീരമായി. രാവിലെ കുട്ടികളെ വരവേൽക്കാനായി സ്‌കൂളുകളെല്ലാം വലിയ ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരുന്നത്. കുട്ടികളെ സ്വീകരിക്കാൻ സമ്മാനങ്ങളും മധുരപലഹാരങ്ങളും ഭക്ഷണവുമെല്ലാം ഒരുക്കിയിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് കണ്ണീരോടെയിരുന്ന കുട്ടികളുടെ എണ്ണം നന്നേ കുറവ്. കരഞ്ഞവരാകട്ടെ സമ്മാനങ്ങൾ കിട്ടിയതോടെ ഫുൾ ഹാപ്പി....
കരഞ്ഞും ചിരിച്ചും ഹാസിനിയും സുഹാസിനിയും
കൊച്ചി: അമ്മേ കാണണം...ഇത് പറഞ്ഞാണ് എറണാകുളം ഗവ. ഗേൾസ് സ്‌കൂളിലെ ഒന്നാം ക്ലാസിലെത്തിയ തമിഴ്‌നാട് സേലം സ്വദേശിനികളായ ഇരട്ടകുട്ടികൾ ഹാസിനിയും സുഹാസിനിയും കരഞ്ഞത്. അമ്മ നന്ദിനി അടുത്തെത്തുമ്പോൾ ഇരുവരും കരച്ചിൽ നിർത്തും. സമ്മാനങ്ങളും പുസ്തകങ്ങളും നോക്കി ചിരിക്കും അദ്ധ്യാപകരെ കേൾക്കും. അദ്ധ്യാപകരുടെ നിർദ്ദേശം വരുമ്പോൾ അമ്മ പുറത്തേക്ക് ഇറങ്ങും. അപ്പോ തന്നെ കരച്ചിൽ തുടങ്ങും. അത് ശമിക്കണമെങ്കിൽ അമ്മ തന്നെ വരണം. നേരം കുറേ പിന്നിട്ടപ്പോ, ഡിജിറ്റൽ ബോർഡൊക്കെ കണ്ടതോടെ ഇരുവരും ഹാപ്പി.
ഒൻപത് വർഷം മുൻപാണ് ഇവരുടെ അച്ഛൻ രാജേന്ദ്രനും അമ്മ നന്ദിനിയും കൊച്ചിയിലെത്തിയത്. അതിനാൽ മലയാളെ കടവന്ത്രയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. നഗരത്തിലെ വസ്ത്ര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് രാജേന്ദ്രൻ. ഇവർക്ക് മൂന്ന് മക്കളാണ്. ഇളയയാൾ വൈഷ്ണവ്.
കുട്ടികളെ പ്രാപ്തരാക്കുന്ന
പാഠ്യപദ്ധതി: മന്ത്രി പി. രാജീവ്
പാഠപുസ്തകങ്ങൾക്കപ്പുറം ജീവിത പ്രശ്നങ്ങളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് പുതിയ പാഠ്യപദ്ധതിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വെസ്റ്റ് കടുങ്ങല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടുങ്ങല്ലൂരുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ സേതുവിന്റെ പേരിൽ വായനയ്ക്കും ചർച്ചകൾക്കും പഠനത്തിനുമായി ഒരു കോർണർ സ്‌കൂളിൽ എർപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
സേതു അക്ഷരദീപം തെളിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായ ചടങ്ങിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, എച്ച്.എസ്.എസ് എറണാകുളം കോ ഓഡിനേറ്റർ എ. ശങ്കരനാരായണൻ, ഡയറ്റ് പ്രിൻസിപ്പൽ ജി.എസ്. ദീപ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, കൈറ്റ് ജില്ലാ കോ ഓഡിനേറ്റർ അജി ജോൺ, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.കെ. ജയന്തി, ജനപ്രതിനിധികൾ, അദ്ധ്യാപക സംഘടന പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.