അറിവ് പ്രയോഗിക്കാൻ കഴിയുന്നവരായി കുട്ടികളെ വളർത്തണം : മുഖ്യമന്ത്രി

Tuesday 03 June 2025 12:40 AM IST

ആലപ്പുഴ : ജീവിതത്തിൽ അറിവ് പ്രയോഗിക്കാൻ കഴിയുന്നവരായി കുട്ടികളെ വളർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കലവൂർ ഗവ. എച്ച്.എസ്.എസിൽ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് കാലോചിത നവീകരണത്തിന് സമഗ്രപദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. പഠന മികവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കിവരികയാണ്. പൊതുവിദ്യാലയങ്ങൾ അടയ്ക്കുന്നതും കുട്ടികൾ കൊഴിഞ്ഞു പോകുന്നതും അവസാനിച്ചു.

മതേതര വീക്ഷണവും ജനാധിപത്യബോധവും സിലബസിനൊപ്പം പകർന്നുനൽകാൻ കഴിയുന്ന പൊതുഇടങ്ങളാണ് വിദ്യാലയങ്ങൾ.

പരസ്‌പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രങ്ങളാക്കി സ്കൂ‌ളുകളെ മാറ്റണം.

അറിവ് സാഫല്യത്തിൽ എത്തണമെങ്കിൽ നല്ല ബോധമുണ്ടാകണം. വകതിരിവ് നല്ലതോതിൽ സൃഷ്ടിക്കാനാകണം. അറിവ് സമൂഹത്തിന് ഉപകരിക്കുന്ന തരത്തിൽ വിനിയോഗിക്കാനുള്ള മനസ്സ് സൃഷ്ടിക്കണം. നല്ലതല്ലാത്തതിനെക്കുറിച്ച് ബോധവത്കരണം നടത്തണം. ചെറിയ പ്രതിസന്ധി വന്നാൽ പ്രതിലോമ ചിന്തകൾക്ക് വഴിപ്പെട്ടുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രവേശനോത്സവഗാനം രചിച്ച കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഭദ്ര ഹരിയെയും സംഗീത സംവിധായകൻ അൽഫോൺസ് ജോസഫിനെയും ആദരിച്ചു. നവാഗതരെ മന്ത്രി വി.ശിവൻകുട്ടി സ്വീകരിച്ചു. മുഖ്യമന്ത്രി സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകം മന്ത്രി സജി ചെറിയാന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി പി.പ്രസാദ്, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ ,എച്ച്.സലാം, ദലീമ, എം.എസ് അരുൺകുമാർ, അഡ്വ.യു.പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് തുടങ്ങിയവർ പങ്കെടുത്തു.