സ്കൂൾ പ്രവേശനോത്സവം വർണാഭം

Tuesday 03 June 2025 12:44 AM IST

പത്തനംതിട്ട : കുരുത്തോലയും തോരണങ്ങളും ബലൂണുകളും സമ്മാനപ്പൊതികളും വർണ്ണചിത്രങ്ങളും നിറഞ്ഞുനിന്ന ഉത്സവാന്തരീക്ഷത്തിൽ പാട്ടിന്റെയും താളമേളങ്ങളുടെയും അകമ്പടിയോടെ നടന്ന സ്‌കൂൾ പ്രവേശനം വർണാഭമായി. പുത്തനുടുപ്പണിഞ്ഞ് മാതാപിതാക്കൾക്കൊപ്പം അക്ഷരലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് മധുരം നൽകിയാണ് സ്‌കൂൾ അധികൃതരും പി.ടി.എയും മറ്റ് സന്നദ്ധ സംഘടനകളും ചേർന്ന് സ്വീകരിച്ചത്. പതിവിന് വിപരീതമായി മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിലാണ് പ്രവേശനോത്സവം നടന്നത്. ഭാഷയും സാഹിത്യവാസനയും പരിപോഷിപ്പിക്കുന്ന മികച്ച പഠനാന്തരീക്ഷമാണ് പൊതുവിദ്യാലയങ്ങളിലേതെന്ന് മന്ത്രി വീണാ ജോർജ് അഭി​പ്രായപ്പെട്ടു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരംവേലി സർക്കാർ എൽ.പി സ്‌കൂളിൽ നിർവഹിക്കുകയായി​രുന്നു അവർ. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പ്രോത്സാഹിപ്പിക്കണം. ബാലസുരക്ഷ ഉറപ്പാക്കാൻ വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ കുട്ടികളുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റും എൽ.എസ്.എസ് വിജയികൾക്കുള്ള മൊമെന്റോ വിതരണവും മന്ത്രി നിർവഹിച്ചു. 'ഉജ്ജ്വല ബാല്യം' ജേതാക്കളായ നന്ദന നായർ, ഹനാൻ റേച്ചൽ പ്രമോദ് എന്നിവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ റെനി ആന്റണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ ഒഴികെയുള്ള എല്ലാ സർക്കാർ സ്‌കൂളുകളിലും ഇന്നലെ പ്രവേശനോത്സവം നടന്നു. വെള്ളപ്പൊക്ക കെടുതി​കളെ തുടർന്ന് തി​രുവല്ല ഉപജി​ല്ലയി​ൽ 35 സ്കൂളുകളി​ൽ പ്രവേശനോത്സവം നടന്നി​ല്ല.