സ്വർണവിലയിൽ കുതിപ്പ്

Tuesday 03 June 2025 1:48 AM IST

കൊച്ചി: അമേരിക്കയും ചൈനയും ചുങ്കപ്പോരിന് വീണ്ടും തുടക്കമിട്ടതോടെ കത്തിക്കയറി സ്വർണവില. ഇന്നലെ രണ്ട് തവണയായി 1120 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. രാവിലെ പവന് 240 രൂപയും ഉച്ചയ്ക്ക് 880 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 72,​480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 9060 രൂപയാണ് വില. ഇന്ത്യയുടെ മൾട്ടി കമോഡിറ്റി എക്സ്ചേഞ്ചിൽ (എം.സി.എക്സ്)​ 2ശതമാനം വർദ്ധനവാണ് സ്വർണം രേഖപ്പെടുത്തിയത്. നാളുകൾക്ക് ശേഷമാണ് സ്വർണവില ഗ്രാമിന് 9,​000 കടക്കുന്നത്.

ആഗോളതലത്തിലെ മാറ്റങ്ങളാണ് സ്വർണവില കയറാനിടയാക്കിയത്. അമേരിക്കൻ പ്രസിഡന്റ് വീണ്ടും സ്റ്റീൽ,​ അലൂമിനിയം തുടങ്ങിയവയ്ക്ക് താരിഫ് 50% വർദ്ധിപ്പിച്ച് വീണ്ടും ചുങ്കപ്പോരിന് തുടക്കമിട്ടു. താരിഫ് കരാർ ലംഘിക്കുകയാണെന്ന് അമേരിക്കയും ചൈനയും പരസ്പരം കുറ്റപ്പെടുത്താനും തുടങ്ങി. കൂടാതെ,​ റഷ്യ-യുക്രൈൻ യുദ്ധം കനക്കുകയും ചെയ്തു. ഇത് ഓഹരിവിപണിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു. ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സ്വർണവില കൂടാനിടയാക്കി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞു.