വൺഡേ വിട്ട് മാക്സ്‌വെൽ
മെൽബൺ: ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ട്വന്റി-20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാനായി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 36 കാരനായ മാക്‌സ്‌വെൽ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി ഏകദിനം കളിച്ചത്. അറിയിച്ചു. 2015, 2023 വർഷങ്ങളിലെ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്ന മാക്‌സ്‌വെൽ 2027ലെ ലോകകപ്പിനുണ്ടാവില്ല. അടുത്ത വർഷത്തെ ട്വന്റി-20 ലോകകപ്പിൽ കളിക്കുന്നതിനായി ഫിറ്റ്നെസ് നിലനിറുത്തുകയാണ് താരത്തിന്റെ ലക്ഷ്യം. ഐ.പി.എൽ ഉൾപ്പടെയുള്ള ആഗോള ട്വന്റി-20 ലീഗുകളിൽ കളി തുടരും.
13 വർഷത്തെ ഏകദിന കരിയറിനാണ് മാക്‌സ്‌വെൽ വിരാമമിടുന്നത്. 2012ൽ അഫ്ഗാനെതിരെ ഷാർജയിലാണ് ഏകദിന അരങ്ങേറ്റം. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ സെമിയിൽ അവസാന മത്സരം.
149 ഏകദിന മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറികളും 23 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 3990 റൺസും 77 വിക്കറ്റുകളും നേടിയിട്ടുണ്ട്.
2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ പരാജയം മുന്നിൽക്കണ്ട പരിക്കേറ്റിട്ടും ഇരട്ട സെഞ്ച്വറി നേടി (201*) വിജയത്തിലെത്തിച്ച മാക്‌സ്‌വെല്ലിന്റെ പ്രകടനം ഏകദിനക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.