കന്നിക്കപ്പിൽ മുത്തമിടാൻ
ഐ.പി.എൽ ഫൈനലിൽ ഇന്ന് ആർ.സി.ബി - പഞ്ചാബ് കിംഗ്സ് പോരാട്ടം
ആരു ജയിച്ചാലും അവരുടെ ആദ്യ കിരീടം
അഹമ്മദാബാദ് : 18 വർഷം നീണ്ട വിരാട് കൊഹ്‌ലിയുടെ കിരീട സ്വപ്നങ്ങൾ പൂവണിയുമോ അതോ പഞ്ചാബ് കിംഗ്സിന്റെ പ്രതീക്ഷകൾ സഫലമാകുമോ എന്ന് ഇന്നറിയാം. 18-ാം സീസൺ ഐ.പി.എല്ലിന്റെ ഫൈനലിൽ ആർ.സി.ബിയും പഞ്ചാബ് കിംഗ്സും തമ്മിലുള്ള കലാശപ്പോരിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദിയാകുന്നത്. രാത്രി ഏഴരയ്ക്കാണ് ഫൈനൽ മത്സരം നടക്കുന്നത്.
ഐ.പി.എൽ ആരംഭിച്ച നാൾ മുതൽ കിരീടസാദ്ധ്യതയുള്ള ടീമുകളായി കണക്കാക്കുന്ന ആർ.സി.ബിയും പഞ്ചാബും ഈ സീസണിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ ഒൻപത് വിജയങ്ങൾ നേടുകയും നാലു തോൽവികൾ വഴങ്ങുകയും ഓരോ കളി മഴയിൽ കുടുങ്ങി പോയിന്റ് പങ്കുവയ്ക്കുകയും ചെയ്ത് 19 പോയിന്റ് വീതമാണ് ഇരു ടീമുകളും നേടിയത്. റൺറേറ്റിലെ മികവിൽ പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമന്മാരായി ഫിനിഷ് ചെയ്തപ്പോൾ ആർ.സി.ബി രണ്ടാമതായി.
ചണ്ഡിഗഢിൽ നടന്ന ആദ്യ ക്വാളിഫയറിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എട്ടുവിക്കറ്റിന് ജയിച്ചാണ് ആർ.സി.ബി ഫൈനലിലേക്ക് ആദ്യമെത്തിയത്. ആ തോൽവിക്ക് ശേഷം രണ്ടാം ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസിനെ അഞ്ചുവിക്കറ്റിന് മലർത്തിയടിച്ച് പഞ്ചാബ് ഫൈനലിലേക്ക് ടിക്കറ്റെടുത്ത് വീണ്ടും ആർ.സി.ബിക്ക് മുന്നിലെത്തിയിരിക്കുകയാണ്. പ്ളേ ഓഫിലെ പരിചയസമ്പന്നരായ മുംബയ്‌യെ തോൽപ്പിക്കാൻ നായകന്റെ ഇന്നിംഗ്സ് പുറത്തെടുത്ത ശ്രേയസ് അയ്യർ നൽകുന്ന ആത്മവിശ്വാസവുമായാണ് പഞ്ചാബ് എത്തുന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിച്ച ശ്രേയസ് നയിച്ച മൂന്ന് ടീമുകളെയും പ്ളേ ഓഫിലെത്തിച്ച നായകനുമാണ്. ഇതേവേദിയിൽ മുംബയ് ഉയർത്തിയ 204 റൺസിന്റെ ലക്ഷ്യം 41 പന്തുകളിൽ അഞ്ചുഫോറുകളും എട്ടുസിക്സുകളുമടക്കം പുറത്താകാതെ 87 റൺസ് നേടിയ ശ്രേയസിന്റെ കരുത്തിന് മുന്നിലാണ് ഒന്നുമല്ലാതായത്.
വിരാടിന്റെ സ്വപ്നവും അയ്യരെന്ന ആശ്രയവും
1.ഈ സീസണിലും മികച്ച ഫോമിലുള്ള വിരാട് കൊഹ്‌ലിയാണ് ആർ.സി.ബിയുടെ ആവേശം. സീസണിലെ 14 മത്സരങ്ങളിൽ എട്ട് അർദ്ധസെഞ്ച്വറികളടക്കം 614 റൺസ് നേടിയ വിരാട് ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ അഞ്ചാമതാണ്.
2.ഓപ്പണർ ഫിൽ സാൾട്ട്, നായകൻ രജത് പാട്ടീദാർ,ജിതേഷ് ശർമ്മ, മായാങ്ക് അഗർവാൾ, റൊമാരിയോ ഷെപ്പേഡ് തുടങ്ങിയ ബാറ്റർമാർ മികച്ച ഫോമിലാണ്.
3. പരിക്കുമാറി തിരിച്ചെത്തിയ ജോഷ് ഹേസൽവുഡിന്റെ സാന്നിദ്ധ്യമാണ് ആർ.സി.ബി പേസ് ബാറ്ററിയുടെ കരുത്ത്. ആദ്യ ക്വാളിഫയറിലും ജോഷിന്റെ ചൂട് പഞ്ചാബ് അറിഞ്ഞിരുന്നു.
4.പേസർമാരായി യഷ് ദയാലും ഭുവനേശ്വർ കുമാറുമുണ്ട്. ക്വാളിയറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പഞ്ചാബിനെ നശിപ്പിച്ചു കളഞ്ഞത് സ്പിന്നർ സുയാഷ് ശർമ്മയാണ്. ആൾറൗണ്ടറായി ക്രുനാൽ പാണ്ഡ്യയും സംഘത്തിലുണ്ട്.
1. അതിഗംഭീര ഫോമിലുള്ള ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ആശ്രയം. ആദ്യ ക്വാളിഫയറിൽ ശ്രേയസ് രണ്ട് റൺസിൽ പുറത്തായതാണ് ടീമിന്റെ നട്ടെല്ലൊടിച്ചുകളഞ്ഞത്. അതിൽ നിന്ന് ശ്രേയസ് മോചിതനായെന്ന് തെളിയിക്കുന്നതായിരുന്നു മുംബയ്ക്ക് എതിരായ ഇന്നിംഗ്സ്.
2. പ്രിയാംശ് ആര്യ,പ്രഭ്സിമ്രാൻ സിംഗ്,ജോഷ് ഇൻഗിലിസ്,നെഹാൽ വധേര,മാർക്ക് സ്റ്റോയ്നിസ്,ശശാങ്ക് സിംഗ് എന്നിങ്ങനെ നല്ല ആഴവും പരപ്പുമുള്ളതാണ് പഞ്ചാബ് ബാറ്റിംഗ് നിര.
3. ട്വന്റി-20യിലെ മികച്ച ബൗളർമാരിലൊരാളായ അർഷ്ദീപ് സിംഗാണ് പഞ്ചാബി പേസ് ആക്രമത്തിന്റെ കുന്തമുന. 16 കളികളിൽ നിന്ന് 18 വിക്കറ്റുകൾ അർഷ്ദീപ് നേടിക്കഴിഞ്ഞു. പക്ഷേ ആദ്യ ക്വാളിഫയറിൽ രണ്ടോവറേ അർഷ്ദീപിന് നൽകിയിരുന്നുള്ളൂ.
4. പേസർമാരായ കൈൽ ജാമീസൺ, അസ്മത്തുള്ള ഒമർസായ്, ഹർപ്രീത് ബ്രാർ എന്നിവർ കൂടി ഫോമിലേക്ക് ഉയർന്നാലേ രക്ഷയുള്ളൂ. സ്പിന്നർ ചഹലിന്റെ തിരിച്ചുവരവ് രണ്ടാം ക്വാളിഫയറിൽ ടീമിന് ആത്മവിശ്വാസം നൽകിയിരുന്നു.
ഈ സീസണിൽ ഇത് നാലാം തവണയാണ് പഞ്ചാബും ആർ.സി.ബിയും ഏറ്റുമുട്ടുന്നത്.
ഏപ്രിൽ 18 ന് ബെംഗളുരുവിൽ നടന്ന മത്സരത്തിൽ പഞ്ചാബ് അഞ്ചുവിക്കറ്റിന് ജയിച്ചു
ഏപ്രിൽ 20ന് ചണ്ഡിഗഡിൽ നടന്ന മത്സരത്തിൽ ആർ.സി.ബി ഏഴുവിക്കറ്റിന് ജയിച്ചു.
മേയ് 29ന് ചണ്ഡിഗഡിൽ നടന്ന ആദ്യ ക്വാളിഫയറിൽ ആർ.സി.ബി എട്ടുവിക്കറ്റിന് ജയിച്ചു.
ക്വാളിഫയറിലെ കളി
ഈ സീസണിലെ പഞ്ചാബിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ആർ.സി.ബിക്ക് എതിരായ ആദ്യ ക്വാളിഫയറിൽ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് ആൾഔട്ടായി. ആർ.സി.ബി 10 ഓവറിൽ തിരിച്ചടിച്ച് ജയിച്ചു.
4
ഇത് നാലാംതവണയാണ് ആർ.സി.ബി ഫൈനലിലെത്തുന്നത്. 2009,2011,2016 സീസണുകളിലും ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടം നേടാനായിട്ടില്ല. പഞ്ചാബ് ഇതിന് മുമ്പ് 2014ലേ ഫൈനലിലെത്തിയിട്ടുള്ളൂ. അതിന് ശേഷം പ്ളേ ഓഫിലെത്തിയതും ഇക്കുറിയാണ്.
36
ഇതുവരെ 35 മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 18 തവണ പഞ്ചാബും 17 എണ്ണത്തിൽ ആർ.സി.ബിയും ജയിച്ചു.
14 മത്സരങ്ങളിൽ നിന്ന് 614 റൺസ് നേടിയ വിരാട് കൊഹ്‌ലിയാണ് ആർ.സി.ബി ബാറ്റർമാരിൽ മുന്നിലുള്ളത്. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ അഞ്ചാം സ്ഥാനത്ത്. 8 അർദ്ധസെഞ്ച്വറികൾ നേടി.
16 മത്സരങ്ങളിൽ നിന്ന് 603 റൺസ് നേടിയ ശ്രേയസ് അയ്യരാണ് പഞ്ചാബ് ബാറ്റർമാരിലെ ഇതുവരെയുള്ള ടോപ് സ;കോറർ. ആറ് അർദ്ധസെഞ്ച്വറികളും നേടി.
11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റ് വീഴ്‌ത്തിയ ജോഷ് ഹേസൽവുഡാണ് ആർ.സി.ബി ബൗളർമാരിൽ മുന്നിലുള്ളത്. 16 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്‌ത്തിയ അർഷ്‌ദീപാണ് പഞ്ചാബിനായി ഇത്തവണ കൂടുതൽ വിക്കറ്റ് വീഴ്‌ത്തയിത്.