കേരള വിപണിയിൽ 310 കോടി 'വരവ്' മുട്ട പുറത്തേക്ക് ഒഴുകുന്നത് 1500 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷം വേണ്ടത് 529.06 കോടി കോഴിമുട്ട. ഇവിടത്തെ ഉത്പാദനം 218.18 കോടി. ശേഷിക്കുന്ന 310.88 കോടി മുട്ടയും എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്. 40 കോടി താറാവ് മുട്ടകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. ഇതിലൂടെ പ്രതിവർഷം അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് 1500 കോടി.
നാട്ടിൽ മുട്ടക്കോഴി വളർത്തൽ കൂടിയിട്ടുണ്ടെങ്കിലും ഉത്പാദനച്ചെലവ് കൂടുതലായതിനാൽ ലാഭകരമല്ലാത്തതാണ് അന്യസംസ്ഥാനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്. നാടൻ മുട്ടയ്ക്ക് വിലയും കൂടുതലാണ്. അതിനാൽ, വില കുറവുള്ള വരവ് മുട്ടയ്ക്ക് ഡിമാൻഡ് കൂടുതലാണ്. ഹോട്ടലുകളടക്കം കൂടുതലും ഉപയോഗിക്കുന്നത് വരവ് മുട്ടയാണ്. തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഏറ്റവുമധികം എത്തുന്നത്. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്തുന്നുണ്ട്.
കോഴിത്തീറ്റ വില വർദ്ധന തിരിച്ചടി
1.മുട്ടക്കോഴി വളർത്തലിനായി നിരവധി പദ്ധതികൾ സംസ്ഥാനം നടപ്പാക്കിയെങ്കിലും കോഴിത്തീറ്റയുടെ വില വർദ്ധനയാണ് തടസം. ഉത്പാദനച്ചെലവ് കൂടുതലായതിനാൽ ലാഭമില്ലെന്ന് കർഷകർ
2.മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തിൽ സംവിധാനമില്ല. മുട്ട കൂടുതലുണ്ടെങ്കിൽ പ്രാദേശിക വിപണികളിൽ കർഷകർക്ക് വിറ്റുതീർക്കാനാവുന്നില്ല
3.തമിഴ്നാട്ടിൽ കോഴിഫാമുകൾതന്നെ തീറ്റ സ്വന്തമായി തയ്യാറാക്കുന്നു. തൊഴിലാളികളുടെ കൂലി കുറവ്.
മുട്ട വില
(ചില്ലറ വില, രൂപയിൽ)
തമിഴ്നാട്ടിൽ നിന്നെത്തുന്നതിന്.......... 5
നാടൻ മുട്ടയ്ക്ക്...............................................8-10
"പ്രാദേശിക കർഷകർ ഉത്പാദിപ്പിക്കുന്ന മുട്ടയ്ക്ക് നിശ്ചിതവില നൽകി താലൂക്ക് അടിസ്ഥാനത്തിൽ കെപ്കോ വഴി സംഭരിക്കണം
രത്നാകരൻ കാട്ടാക്കട, കർഷകൻ