സൗമിനി ജെയിന്റെ ഭരണം സമ്പൂർണ പരാജയം,​ എൽ.ഡി.എഫ് അവിശ്വാസപ്രമേയ ചർച്ചയിൽ ഇന്ന് വോട്ടെടുപ്പ്

Thursday 12 September 2019 10:06 AM IST

കൊച്ചി. കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്. കഴിഞ്ഞ നാല് വർഷത്തെ സൗമിനി ജെയിന്റെ ഭരണം സമ്പൂർണ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് അവിശ്വാസ പ്രമേയ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് നടപടി മാറ്റിവയ്ക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. യു.ഡി.എഫിന്റെ 38 അംഗങ്ങളും ഒരുമിച്ച് നിന്നാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. എന്നാൽ യു.ഡി.എഫിൽ തന്നെ സൗമിനി ജെയിനിനെ എതിർക്കുന്നവരുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

എൽ.ഡി.എഫിന് 34ഉം,​ ബി.ജെ.പിക്ക് രണ്ട് എന്നിങ്ങനെയാണ് അംഗബലം. 74 അംഗ കൗൺസിലിൽ ക്വാറം തികയണമെങ്കിൽ 38 അംഗങ്ങൾ പങ്കെടുക്കണം. ക്വാറം തികയാതെ വന്നാൽ അവിശ്വാസ പ്രമേയ നടപടികൾ ആറുമാസം വരെ വൈകിപ്പിക്കാൻ സാധിക്കും.