മൂന്ന് ഐ.സി.എസ്.സി ഗ്ലോബൽ മാക്‌സി അവാർഡുകൾ നേടി ലുലു
കൊച്ചി: ഷോപ്പിംഗ് സെന്റർ വ്യവസായത്തിലെ മാർക്കറ്റിംഗ് മികവിനുള്ള ലോകത്തിലെ അംഗീകാരങ്ങളിലൊന്നായ ഐ.സി.എസ്.സി ഗ്ലോബൽ മാക്‌സി അവാർഡ്‌സ് 2025ൽ മൂന്ന് പ്രധാന അംഗീകാരങ്ങൾ സ്വന്തമാക്കി ആഗോള റീട്ടെയിൽ വേദിയിൽ ലുലു മാളുകൾ വീണ്ടും സ്ഥാനം ഉറപ്പിച്ചു. 15ലധികം രാജ്യങ്ങളിൽ നിന്നുള്ള മികച്ച ഷോപ്പിംഗ് സെന്ററുകൾ മാറ്റുരച്ച മത്സരത്തിൽ രണ്ട് സ്വർണ അവാർഡുകളും ഒരു വെള്ളി അവാർഡുമാണ് ലുലു മാൾസ് സ്വന്തമാക്കിയത്. ലുലു ഫ്‌ളവർ ഫെസ്റ്റ് സംഘടിപ്പിച്ച കൊച്ചി ലുലു മാളും ലുലു ലിറ്റിൽ ഗെയിംസ് സംഘടിപ്പിച്ച ലഖ്‌നൗ ലുലു മാളുമാണ് സ്വർണ അവാർഡ് ജേതാക്കൾ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്രീഡം ഫിയസ്റ്റയ്ക്ക് തിരുവനന്തപുരം ലുലു മാൾ വെള്ളി അവാർഡ് കരസ്ഥമാക്കി. ലാസ് വെഗാസിൽ നടന്ന ഇന്റർനാഷണൽ കൗൺസിൽ ഒഫ് ഷോപ്പിംഗ് സെന്റേഴ്‌സിന്റെ (ഐ.സി.എസ്.സി) ആഗോള കോൺഫറൻസിലാണ് അവാർഡുകൾ സമ്മാനിച്ചത്.