യജമാനക്കൂറ് കൂടുതൽ ,​ നാടൻ നായ്ക്കൾക്ക് പ്രിയം

Tuesday 03 June 2025 1:01 AM IST

കൊച്ചി: ഒട്ടും കുറവ് വരുത്താത്ത യജമാനക്കൂറ്, വിട്ടുവീഴ്ചയില്ലാത്ത വീട്ടുകാവൽ.. സംസ്ഥാനത്ത് തനിനാടാൻ നായ്ക്കളെ വളർത്തുന്നവരുടെ എണ്ണം കൂടുന്നു. രാജകലയുള്ള 'രാജപാളയ'ത്തോടാണ് പ്രിയമേറെ. മറ്റു ദക്ഷിണേന്ത്യൻ ഇനങ്ങളായ ചിപ്പിപ്പാരി, മുധോൾ എന്നിവയാണ് തൊട്ടുപിന്നിൽ. കോമ്പൈ, കന്നി, പഷ്മി,​ ജൊനാംഗി, കാരവൻ, രാംപൂർ ഹൗണ്ട്, ഹിമാലയൻ ഷീപ്പ് ഹൗണ്ട് തുടങ്ങിയവയും മലയാളി ഇഷ്ടപ്പെട്ടു തുടങ്ങിയ സ്വദേശി ഇനങ്ങളാണ്.

രോഗങ്ങളെയും കാലാവസ്ഥാ മാറ്റങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയും കുറഞ്ഞ പരിപാലന ചെലവുമാണ് നാടൻ ഇനങ്ങളുടെ പ്രത്യേകത. അരുമയായി വീടിനുള്ളിലും കാവൽക്കാരനും വേട്ടപ്പട്ടിയുമായി പുറത്തും വളർത്താം. ഇന്ത്യൻ ബ്രീഡുകളോളം മികച്ചതായി മറ്റൊന്നുമില്ലെന്ന് എറണാകുളം ഇടപ്പള്ളിയിലെ കെന്നൽ ക്ലബ് ഉടമ രുദ്രദാസ് പറയുന്നു. രാജപാളയമാണ് കേരളത്തിൽ കൂടുതൽ പേരും വാങ്ങുന്നത്.

യജമാനൻ ഒഴികെ മറ്റാരെയും അനുസരിക്കാത്ത പ്രകൃതമാണ് രാജപാളയത്തിന്. നീളംകൂടിയ കൈകാലുകൾ. മണിക്കൂറിൽ 40 കിലോമീറ്ററിലേറെ വേഗത്തിൽ ഓടും. ശരാശരി രണ്ടു മണിക്കൂർ തുടർച്ചയായി ഓടാനാകും. ഭക്ഷണം എന്തായാലും മതി. രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.

മികച്ച കാവൽക്കാർ നാടൻ ഇനങ്ങൾക്ക്ഭക്ഷണകാര്യത്തിൽ നിർബന്ധമില്ല

പരിശീലനം നൽകിയാൽ മികച്ച കാവൽക്കാരായിരിക്കും

ഉടമയുടെ മുന്നിലേ നടക്കൂ. അനക്കം കേട്ടാൽ ചാടിവീഴും

എത്രദൂരം പോയാലും മണം പിടിച്ച് വീട്ടിൽ തിരികെയെത്തും