ഇ.സി.ഐ.ആർ വിവരങ്ങളടക്കം തേടി ഇ.ഡിക്ക് വിജിലൻസ് നോട്ടീസ് നൽകി

Tuesday 03 June 2025 1:09 AM IST

കൊച്ചി: കേസ് ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വിജിലൻസ് വീണ്ടും നോട്ടീസ് നൽകി. ഇ.ഡിയുടെ കൊച്ചിയിലെ യൂണിറ്റ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബു നൽകിയ പരാതിയിലാണ് നടപടി. അനീഷ് ബാബുവിനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത് കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് കഴിഞ്ഞ 22ന് ഇ.ഡിക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ എന്തെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് വ്യക്തത വരുത്തണമെന്ന് ഇ.ഡി മറുപടി നൽകിയതോടെയാണ് വീണ്ടും നോട്ടീസ് കൈമാറിയത്. വേണ്ട രേഖകളുടേയും തെളിവുകളുടേയും ലിസ്റ്റാണ് ഇ.ഡിക്ക് കൈമാറിയ നോട്ടീസിലുള്ളതെന്ന് അറിയുന്നു. കേസിൽ ഒന്നാം പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ പരിഗണിക്കുകയും 11ലേക്ക് കേസ് മാറ്റുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിവരങ്ങൾ തേടി വിജിലൻസ് സംഘം ഇ.ഡി ഓഫീസിൽ നേരിട്ടെത്തിയത്.

അനീഷ് ബാബുവിനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിന്റെയും അയച്ച സമൻസിന്റെയും വിശദാംശങ്ങൾ തേടിയാണ് വീണ്ടും നോട്ടീസ് നൽകിയതെന്ന് വിജിലൻസ് മദ്ധ്യമേഖ സ്പെഷ്യൽ യൂണിറ്റ് എസ്.പി എസ്. ശശിധരൻ പറഞ്ഞു. മറ്റ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ കൈക്കൂലി ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്ത പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥനെ കേസിൽ വിജിലൻസ് പ്രതിചേർത്തത്.

തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടായ രഞ്ജിത് എന്നിവരാണ് മറ്റുപ്രതികൾ