ചെർപ്പുളശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുരുഷ വാർഡ്‌

Tuesday 03 June 2025 1:26 AM IST
ചെർപ്പുളശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച പുരുഷ വാർഡ്‌

ചെർപ്പുളശേരി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചെർപ്പുളശേരി ഗവ.ആശുപത്രിയിൽ(സാമൂഹിക ആരോഗ്യ കേന്ദ്രം)​ പുരുഷൻമാരുടെ നവീകരിച്ച വാർ‌‌ഡ് തുറന്നുകൊടുത്തു. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നവീകരിച്ച പുരുഷ വാർഡും മോർച്ചറിയിൽ സ്ഥാപിച്ച ഫ്രീസറും പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ സി.കമലം, സ്ഥിരം സമിതി അദ്ധ്യക്ഷരായ മിനി, കെ.ടി.പ്രമീള, സാദിഖ് ഹുസൈൻ, കൗൺസിലർമാരായ പി.വിഷ്ണു, കെ.എം.ഇസ്ഹാക്ക്, വിജീഷ് കണ്ണൻ, ഗഫൂർ, നഗരസഭാ സെക്രട്ടറി വി.ടി.പ്രിയ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഷാഹുൽ ഹമീദ്, അസി. എൻജിനീയർ പ്രജിഷ എന്നിവർ പങ്കെടുത്തു.

29 ലക്ഷം രൂപ ചെലവഴിച്ചാണ് 20 പേരെ കിടത്തി ചികിത്സിക്കാവുന്ന പുരുഷ വാർഡ് നവീകരിച്ചത്. കാലപ്പഴക്കം കൊണ്ട് തകർച്ച നേരിട്ടിരുന്ന കെട്ടിടമായതിനാൽ രോഗികൾക്ക് വലിയ പ്രയാസം നേരിട്ടിരുന്നു. ആശുപത്രിയിൽ നിലവിൽ ഈവനിംഗ് ഒ.പി സംവിധാനം വൈകിട്ട് ആറുവരെ ലഭ്യമാണ്. മോർച്ചറി, ഒ.പി കൺസൾട്ടേഷൻ റൂമുകൾ, ഒ.പി രജിസ്‌ട്രേഷൻ, വെ്ര്രയിംഗ് ഏരിയ, ഫീഡിംഗ് റൂം, ഒബ്സർ വേഷൻ റൂം, നഴ്സസ് സ്റ്റേഷൻ, ഇൻജക്ഷൻ, നെബുലൈസേഷൻ, ഫാർമസി, ലാബ്, ശുചിമുറി, കുട്ടികളുടെ വാർഡ്, 1.79 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഐസൊലേഷൻ വാർഡ് എന്നീ സൗകര്യങ്ങളും സജ്ജമാണ്. നഗരസഭയിലെയും, വെളളിനേഴി, നെല്ലായ, തൃക്കടീരി, ചളവറ തുടങ്ങിയ പഞ്ചായത്തുകളിലെയും രോഗികൾ കിടത്തിച്ചികിത്സക്ക് ആശ്രയിക്കുന്നത് ചെർപ്പുളശേരി ഗവ.ആശുപത്രിയെയാണ്. അതുകൊണ്ട് തന്നെ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതുക്കി പണിയുന്നതിനായി പുരുഷ വാർഡ് അടച്ചതിനെ തുടർന്ന് സ്ത്രീകളുടേത് ഉൾപ്പെടെ മറ്റു വാർഡുകളാണ് പുരുഷൻമാർക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്.