പുത്തൻ പ്രതീക്ഷകളുമായി ഗാന്ധിഭവനിലെ കുട്ടികൾ
Tuesday 03 June 2025 12:30 AM IST
പത്തനാപുരം: പുത്തൻ പ്രതീക്ഷകളുമായി പത്തനാപുരം ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോമിലെ 22കുട്ടികൾ വിദ്യാലയങ്ങളിൽ പ്രവേശിച്ചു. 17 കുട്ടികൾ പത്തനാപുരം മൗണ്ട് താബോർ സ്കൂളിലും 5പേർ സെന്റ് സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠനം ആരംഭിച്ചത്. അഞ്ച് വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു ഫലമറിഞ്ഞ് തുടർ പഠനത്തിന് ഒരുങ്ങുകയാണ്. നാലുപേർ കൊല്ലത്തെയും തിരുവനന്തപുരത്തെയും കോളേജുകളിൽ പഠിക്കുന്നു. ഗാന്ധിഭവനിലെ ചിൽഡ്രസ് ഹോമിൽ 48 പെൺകുട്ടികളാണുള്ളത്. ഇവരിൽ ചിലർ ബിരുദത്തിനും ജേർണലിസത്തിനും പഠിക്കുന്നു. ഒരു കുട്ടി ബി.എസ്.സി നഴ്സിംഗ് പൂർത്തിയാക്കി അയർലഡിൽ ജോലിയിൽ പ്രവേശിച്ചു. പഠനത്തിന് പുറമെ കുട്ടികൾ നൃത്തം, സംഗീതം,വാദ്യോപകരണങ്ങൾ തുടങ്ങിയവയിലും മികച്ച പരിശീലനം നടത്തി വരികയാണെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ അറിയിച്ചു.