പ്രവേശനോത്സവം നൃത്തോത്സവമാക്കി പുത്തൂരുകാർ

Tuesday 03 June 2025 12:33 AM IST
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഇന്റർനാഷണൽ ചെസ് റഫറി ബിജുരാജ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഹൃദ്യാനുഭവമായി മാറി. പ്രവേശനോത്സവ ഗാനത്തിനൊപ്പം കുട്ടികൾ നൃത്തംവച്ചു. കാലേക്കൂട്ടി പരിശീലനം നൽകിയ മുപ്പത്തിയഞ്ച് കുട്ടികളാണ് നൃത്തമാടി ഹിറ്റാക്കിയത്. പിന്നെ ലഹരിക്കെതിരെ ലഘുനാടകവും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ നൃത്തപരിപാടികളും നടന്നു. വർണ്ണബലൂണുകൾ കൂട്ടിക്കെട്ടി ആകാശത്തേക്ക് പറത്തിവിട്ടതും രസാനുഭവമായി. തുടർന്ന് നടന്ന സമ്മേളനം ഇന്റർ നാഷണൽ ചെസ് റഫറി ബിജുരാജ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.എസ്.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോട്ടയ്ക്കൽ രാജപ്പൻ, പ്രഥമാദ്ധ്യാപിക എസ്.ലിനി, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ആശ രവി, എസ്.എം.സി ചെയർമാൻ ബിജു പൂവക്കര, വൈസ് ചെയർമാൻ കോട്ടാത്തല ശ്രീകുമാർ, എം.പി.ടി.എ പ്രസിഡന്റ് എസ്.ശ്രീലത, പി.ടി.എ വൈസ് പ്രസിഡന്റ് എ.സി.അജയകുമാർ, ഗിരീഷ് എന്നിവർ സംസാരിച്ചു.