പി.എസ്.സി അഡ്വൈസ് മെമ്മോ ഇനി മുതൽ പ്രൊഫൈലിൽ
തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഡിജിറ്റൽ സംവിധാനത്തിലേക്ക് പി.എസ്.സി മാറുന്നു. ജൂലായ് 1 മുതൽ എല്ലാ നിയമന ശുപാർശകളും ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമ്മീഷൻ തീരുമാനിച്ചു. ക്യൂ.ആർ. കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് ലഭ്യമാക്കുക. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ പ്രവേശിച്ചാൽ ഇത് ലഭ്യമാകും. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം എസ്.എം.എസ് സന്ദേശം കൂടി നൽകും.
നിലവിൽ രജിസ്‌റ്റേഡ് തപാൽ മാർഗ്ഗമാണ് നിയമന ശുപാർശ അയക്കുന്നത്.ഇത് ഉദ്യോഗാർഥികളുടെ കൈയിലെത്താൻ പലപ്പോഴും വൈകാറുണ്ട്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗ്ഗം അയയ്ക്കുന്ന രീതി നിർത്തലാക്കും. എന്നാൽ വകുപ്പുകളിലേക്ക് നൽകുന്ന അഡ്വൈസ് ലെറ്റർ തപാൽ മാർഗ്ഗം തുടർന്നും അയക്കും.