അങ്കത്തട്ടിൽ 19 പേർ
നിലമ്പൂർ:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ മത്സരരംഗത്തുള്ളത് 19 പേർ. പി.വി. അൻവറിന്റെ അപരൻ അൻവർ സാദത്ത് പത്രിക സമർപ്പിച്ചിട്ടുണ്ട്. ശിവസേന, സോഷ്യലിസ്റ്റ് ജനതാദൾ, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം.സ്വരാജ് നാമനിർദ്ദേശ പത്രിക നൽകി. നിരവധി പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെ രാവിലെ 11ന് പത്രിക നൽകിയത്. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ, മന്ത്രി വി.അബ്ദുറഹ്മാൻ, പി.കെ.സൈനബ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. വികസനത്തിനൊപ്പമാണ് എൽ.ഡി.എഫെന്നും അതിനാൽ വിജയപ്രതീക്ഷയിലാണെന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സ്വരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി സ്ഥാനാർത്ഥി മോഹൻ ജോർജ്ജും ഇന്നലെ പത്രിക സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ കൂടെയുണ്ടായിരുന്നു.
മത്സരം തൃണമൂൽ ചിഹ്നത്തിലായേക്കും നിലമ്പൂർ: ഉപ തിരഞ്ഞെടുപ്പിൽ പുതിയ മുന്നണി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ കളത്തിലിറങ്ങി. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പേര്. മുന്നണിയുടെ ബാനറിൽ തൃണമൂൽ ചിഹ്നത്തിലോ ,അത് ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ എതിരാളികൾ വ്യക്തിഹത്യ നടത്തുകയാണ്.ഒരുഹപരിധി കഴിഞ്ഞാൽ അതിനെ പ്രതിരോധിക്കും.ഇവരുടെ നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റേയും തെളിവുകൾ തന്റെ കൈയിലുണ്ട്. വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും. ഇവയൊക്കെ പുറത്തുവിട്ടാൽ പിടിച്ചുനിൽക്കാനാവില്ല. തന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് വി.ഡി.സതീശനോ മുഹമ്മദ് റിയാസോ ആര്യാടൻ ഷൗക്കത്തോ ആരായാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. നവകേരള സദസിന്റെ പേരിൽ കോൺട്രാക്ടർമാരെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപ മന്ത്രി റിയാസ് പിരിച്ചു. കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ട്. വഞ്ചകനെന്ന് വിളിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി ഇന്ന് വാർത്താസമ്മേളനത്തിൽ പറയും. തന്നെ യു.ഡി.എഫ് കറിവേപ്പിലയാക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നൽകിയെന്ന് അൻവർ ചോദിച്ചു. യു.ഡി.എഫ് രക്ഷപ്പെടണമെങ്കിൽ സതീശൻ രാജി വയ്ക്കണം. സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. സതീശൻ മുഖ്യമന്ത്രിയാവാൻ വേണ്ടി കൈ പൊക്കുന്നവർക്കേ സീറ്റ് നൽകൂവെന്നും അൻവർ പറഞ്ഞു.ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടി അൻവർ കത്ത് നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എ.എ.പി സംസ്ഥാന നേതൃത്വം അൻവറിനെ അറിയിച്ചു. തൃണമൂൽ കോൺഗ്രസിന് പുറമെയുള്ള വോട്ടുകളാണ് അൻവറിന്റെ ലക്ഷ്യം.