ആദ്യ പാഠത്തിലേക്ക് ആഘോഷത്തോടെ
കൊല്ലം: ചിരിച്ചും ചിണുങ്ങിയും കലപില കൂട്ടിയും സ്കൂൾ പ്രവേശനോത്സവം കുരുന്നുകൾ ആഘോഷമാക്കി. ആയിരക്കണക്കിന് ഒന്നാം ക്ലാസുകാരാണ് പൂത്തുമ്പികളെപ്പോലെ ആദ്യമായി സ്കൂളിന്റെ പടിചവിട്ടിയത്. പുതുമണം മുറ്റുന്ന ക്ളാസ് മുറികളിൽ പുത്തൻബാഗും തോളിലേന്തി വന്ന കുട്ടിക്കൂട്ടത്തെ പൂക്കളും വർണത്തൊപ്പികളും മധുരവും നൽകിയാണ് സ്കൂൾ അധികൃതർ വരേവറ്റത്. പോയപ്പോൾ സമ്മാനപ്പൊതി വേറെയും.
ജില്ലയിലെ എല്ലാ സ്കൂളുകളിലും ഉത്സവാന്തരീക്ഷത്തിലായിരുന്നു പ്രവേശനോത്സവം. അദ്ധ്യാപകരും രക്ഷിതാക്കളും ചേച്ചിമാരും ചേട്ടൻമാരുമൊക്കെ ആട്ടവും പാട്ടും ഘോഷയാത്രയുമടക്കം ഒരുക്കി. വിപുലമായ പരിപാടികളുമുണ്ടായി...കുരുത്തോലകളും തോരണങ്ങളും കൊണ്ട് ക്ലാസ് മുറികൾ അലങ്കരിച്ചിരുന്നു. ചിലയിടങ്ങളിൽ ചെണ്ടമേളവും ഉണ്ടായിരുന്നു. അച്ഛനമ്മമാരുടെ കൈപിടിച്ചാണ് ഒന്നാം ക്ലാസുകാരെല്ലാം സ്കൂളിലേക്ക് എത്തിയത്. അങ്കണവാടിയിലും നഴ്സറിയിലുമൊക്കെ പോയെങ്കിലും സ്കൂൾ മുറ്റവും ക്ലാസ് മുറികളും കണ്ടപ്പോൾ പലർക്കും അമ്പരപ്പായിരുന്നു. പിന്നെപ്പിന്നെ പാട്ടും തുള്ളിച്ചാട്ടവുമായി. രണ്ടാംക്ലാസ് മുതലുള്ള വിദ്യാർത്ഥികളാകട്ടെ അവധിക്കാല വിശേഷങ്ങൾ പരസ്പരം പങ്കുവയ്ക്കുന്ന തിരക്കിലുമായിരുന്നു.
ഉത്സവമാക്കി സ്കൂളുകൾ
പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര ജി.എച്ച്.എസ്.എസിൽ മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. കുട്ടികളുടെ നൈപുണ്യശേഷികൾ വളർത്തിയെടുത്ത് നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താൻ പാകത്തിലാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ സാഹചര്യം കേരളത്തിലേതെന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. നാട്ടിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം ലോകോത്തര നിലവാരമുള്ള പൊതുവിദ്യാലയങ്ങളാണുള്ളത്, എണ്ണം ഉയരുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ.കെ.ഉണ്ണിക്കൃഷ്ണമേനോൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, വൈസ് ചെയർമാൻ ബിജി ഷാജി, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അങ്കണവാടി പ്രവേശനോത്സവം ഇന്ന്
വനിതാ ശിശുവികസനവകുപ്പിന് കീഴിലുള്ള ജില്ലയിലെ അങ്കണവാടികളിൽ ഇന്ന് രാവിലെ 9.30ന് പ്രവേശനോത്സവം നടക്കുമെന്ന് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രം ഓഫീസർ അറിയിച്ചു. ജില്ലയിൽ 2723 അങ്കണവാടികളാണ് നിലവിലുള്ളത്. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് പ്രവർത്തനസമയം.