കരിവെള്ളൂർ മുരളിയുടേത് ഏകാധിപത്യം: സി.ആർ. മഹേഷ് എം.എൽ.എ
കൊല്ലം: സംഗീത നാടക അക്കാഡമി ചെയർമാൻ കരിവെള്ളൂർ മുരളിയുടേത് ഏകാധിപത്യമാണെന്ന് കെ.പി.സി.സി സാംസ്‌കാരിക വിഭാഗമായ സംസ്കാര സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകാധിപതിയായി പ്രവർത്തിക്കുന്ന അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി രാജിവയ്ക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ സർക്കാർ തയ്യാറാകണം. അക്കാഡമിയുടെ ക്ഷണം സ്വീകരിച്ച് മത്സരത്തിൽ 'മുച്ചീട്ടുകളിക്കാരന്റെ മകൾ' എന്ന നാടകം സംസ്കാര സാഹിതി അവതരിപ്പിച്ചെങ്കിലും പുരസ്‌കാരത്തിനായി പരിഗണിച്ചില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കിയാണ് നാടകം. അതിൽ അല്പം പോലും രാഷ്ട്രീയം കലർത്തിയിട്ടില്ല. വിഷയത്തിൽ സാംസ്‌കാരിക മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനോടകം 236 വേദികളിൽ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകം അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഉൾപ്പെടെ ഈ നാടകം അവതരിപ്പിച്ചു. നാടകത്തെ കൃത്യമായി വിലയിരുത്താത്തതിനാലാണ് നാടകത്തിന് ഒരു സമ്മാനം പോലും ലഭിക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നാടകത്തിന്റെ സംവിധായകൻ രാജേഷ് ഇരുൾ, രചന നിർവഹിച്ച ഹേമന്ദ്കുമാർ എന്നിവർ പങ്കെടുത്തു.