രണ്ടാം ലഹരി വർജ്ജന പ്രക്ഷോഭത്തിന് സമയമായി: ബി.ബി. ഗോപകുമാർ

Tuesday 03 June 2025 1:12 AM IST
ലഹരിക്കെതിരെ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണി​യൻ വനിതാ സംഘം സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് യൂണി​യൻ പ്രസി​ഡന്റ് ബി​.ബി​. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കേരളത്തിൽ രണ്ടാം ലഹരി വർജ്ജന പ്രക്ഷോഭത്തിന് സമയമായെന്ന് എസ്.എൻ.ഡി​.പി​ യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. ലഹരിക്ക് എതിരെ എസ്.എൻ.ഡി.പി യോഗം വനിതാ സംഘം സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1920ൽ ശ്രീനാരായണ ഗുരുദേവൻ ജന്മദിന സന്ദേശമായിട്ടാണ് ലഹരിക്ക് എതിരെയുള്ള പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിൽ പ്രധാനിയും എസ് എൻ ഡി പി യോഗത്തിന്റെ സംഘടന സെക്രട്ടറിയുമായ ടി.കെ. മാധവന്റെ നേതൃത്വത്തിൽ നടത്തിയ മദ്യവർജ്ജന പ്രക്ഷോഭം ചരിത്രത്തിന്റെ ഭാഗമാണ്. നിലവിൽ വീണ്ടും കേരളം ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ചിത്ര മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, ഏറം 578-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് കെ.ആർ. വലലൻ എന്നിവർ സംസാരിച്ചു. വനിത സംഘം യൂണിയൻ സെക്രട്ടറി ബിന പ്രശാന്ത് സ്വാഗതവും കമ്മിറ്റി അംഗങ്ങളായ മനീഷ, ഷീല വിജയൻ, ഉഷ, മിനി ജോഷ്, ഷൈമ, വിജയ ലക്ഷ്മി എന്നിവർ പങ്കെടുത്തു. തുടർന്ന് കുമാരി, കുമാര സംഘം കുട്ടികൾ ലഹരിക്കെതിരെ ഫ്ലാഷ് മോബും റാലിയും നടത്തി.