അമ്മയിൽ ക്ളാസെടുക്കാൻ നർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥനും

Tuesday 03 June 2025 2:18 AM IST

കൊച്ചി: സിനിമയിലെ ലഹരി ഉപയോഗം തടയുന്നതിനായി താരസംഘടനയായ അമ്മയുടെ പൊതുയോഗത്തിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ ക്ളാസെടുക്കും. ഈമാസം 22ന് ചേരുന്ന പൊതുയോഗത്തിൽ അര മണിക്കൂർ ക്ളാസിനായി മാറ്റിവയ്ക്കും. തൊഴിൽ നിയമങ്ങൾ സംബന്ധിച്ച് ലേബർ ഓഫീസറും ക്ളാസെടുക്കും.

നിലവിലെ അഡ്ഹോക് കമ്മിറ്റിക്ക് പകരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയാണ് പൊതുയോഗത്തിന്റെ പ്രധാന അജണ്ട. മോഹൻലാൽ പ്രസിഡന്റായി തുടരണമെന്ന് അംഗങ്ങൾ ആവശ്യപ്പെടും. അഡ്ഹോക് കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ പൂർണമായും മാറിനിൽക്കാമെന്നും അറിയിക്കും. നിലവിലെ ഭാരവാഹികളിൽ ചിലർ തുടരുമെന്നാണ് സൂചന. സെക്രട്ടറിയായിരുന്ന സിദ്ദിഖ് പീഡനക്കേസിൽ പ്രതിയായ സാഹചര്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി രാജിവയ്ക്കുകയും അഡ്ഹോക് കമ്മിറ്റി തുടരുകയായിരുന്നു.

സിനിമാരംഗവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ ഉൾപ്പെടെ യോഗം ചർച്ച ചെയ്യുമെന്ന് അമ്മ വൃത്തങ്ങൾ പറഞ്ഞു. സിനിമാച്ചെലവ് കുറയ്‌ക്കുന്നതിനായി താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ചർച്ചയിൽ വരും. എന്നാൽ പ്രതിഫലം വ്യക്തിഗതമായതിനാൽ നിലവിൽ ലഭിക്കുന്നത് കുറയ്ക്കുക പ്രായോഗികമല്ലെന്നാണ് അമ്മയുടെ നിലപാട്. എറണാകുളം കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10 മുതലാണ് പൊതുയോഗം.