ഒഡീഷ സ്വദേശിനി ട്രെയിനിൽ പ്രസവിച്ചു

Tuesday 03 June 2025 2:20 AM IST

ആലുവ: ഒഡീഷ സ്വദേശിയായ യുവതി ട്രെയിനിൽ പ്രസവിച്ചു. തുടർന്ന് ആലുവ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിൽ താത്കാലിക സംവിധാനമൊരുക്കി കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു. പ്രാഥമിക ശുശ്രൂഷ നൽകി. ഒഡീഷ ബലിഗുഡ സ്വദേശി കൃഷ്ണചന്ദ്ര റാണയുടെ ഭാര്യ രചന റാണയാണ് (19) ഇന്നലെ പുലർച്ചെ 4.10ന് പെൺകുട്ടിക്ക് ജന്മം നൽകിയത്.

പട്ന-എറണാകുളം എക്സ്‌പ്രസിൽ ആലുവയിലേക്ക് വരികയായിരുന്നു ദമ്പതികൾ. ഇവർക്കൊപ്പം മൂത്ത മകനും ഉണ്ടായിരുന്നു. ട്രെയിൻ അങ്കമാലി വിട്ടപ്പോഴേക്കും രചനയ്ക്ക് പ്രസവ വേദന തുടങ്ങി. ആലുവയിൽ ട്രെയിൻ നിറുത്തുമ്പോൾ പ്രസവശേഷം പൊക്കിൾകൊടി വിടാത്ത കുട്ടിയുമായി പ്രയാസപ്പെട്ടാണ് പ്ളാറ്റ് ഫോമിലേക്കിറങ്ങിയത്. ഭർത്താവ് റെയിൽവേ പൊലീസിനെ വിവരമറിയിച്ചതോടെ ജില്ലാ ആശുപത്രിയിൽ നിന്ന് നഴ്സിംഗ് ഓഫീസർ ലീന ഐസക്കും സീനിയർ നഴ്സ് റോസി ഷിബിയും പാഞ്ഞെത്തി.

റെയിൽവേ പൊലീസും റെയിൽവേ സ്റ്റേഷനിലെ വനിതാ ജീവനക്കാരും ചേർന്ന് തുണികൊണ്ട് മറച്ചാണ് പ്ലാറ്റ്ഫോമിൽ സൗകര്യമൊരുക്കിയത്. തുടർന്ന് അമ്മയെയും കുട്ടിയെയും ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സ്മിജി പറഞ്ഞു. പെരുമ്പാവൂരിൽ താമസിക്കുന്ന ബന്ധുക്കളെ കാണാനെത്തിയതാണ് ദമ്പതികൾ.