ശബരിമല വനത്തിൽ മൃഗവേട്ട? കണ്ടെത്താനാകാതെ വനപാലകർ

Tuesday 03 June 2025 2:24 AM IST

പത്തനംതിട്ട: പെരിയാർ ടൈഗർ റിസർവിൽപ്പെട്ട സംരക്ഷിത കേന്ദ്രമായ ശബരിമല വനത്തിൽ വ്യാപകമായി മൃഗവേട്ട നടക്കുന്നതായി ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണെന്ന് സംശയം. കാട്ടുപോത്ത് ഉൾപ്പെടെയുള്ളവയെ വേട്ടയാടി ഇറച്ചിയാക്കി നാട്ടിലെത്തിച്ച് രഹസ്യമായി വിൽക്കുന്ന സംഘമാണിത്.

ലൈസൻസില്ലാത്ത തോക്കുകളുമായി അൻപതിലേറെ പേർ ഉൾവനത്തിലുണ്ടെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. പ്രാദേശിക സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. കൊച്ചുകോയിക്കൽ, ഗുരുനാഥൻമണ്ണ്, ചിറ്റാർ, ആങ്ങമൂഴി തുടങ്ങിയ സ്ഥലങ്ങളിലാണ് മൃഗവേട്ട നടക്കുന്നത്.

തമിഴ്നാട്ടിൽ നിന്ന് അച്ചൻകോവിൽ റൂട്ടിലെ ഉറാനി വഴിയാണ് വേട്ടക്കാർ ഉൾവനത്തിലേക്ക് കടക്കുന്നതെന്നാണ് സൂചന. പൊലീസിന്റെയും വനപാലകരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ വനത്തിലൂടെ സമാന്തരപാത തെളിച്ചാണ് വരുന്നത്. മൃഗസാന്നിദ്ധ്യം കൂടുതലുള്ള വനപ്രദേശങ്ങളിലേക്ക് ഇടറോഡുകളിൽ നിന്ന് വഴിത്താരകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് വേട്ടക്കാരുടെ വഴിയാണെന്ന് സംശയിക്കുന്നു.

ഗവിക്ക് ചുറ്റുവട്ടമുള്ള വനപ്രദേശങ്ങളോടു ചേർന്ന ജനവാസ മേഖലയിൽ നിന്ന് അജ്ഞാതർ ഭക്ഷണം മോഷ്ടിച്ചു പോയ സംഭവങ്ങൾ അടുത്തിടെ നടന്നിരുന്നു. ഇത് വേട്ടക്കാർക്ക് വേണ്ടിയാണെന്ന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പരാതികൾ സീതത്തോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് പ്രാഥമിക വിവരം ശേഖരിച്ചതല്ലാതെ തുടരന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

കണ്ടെത്താനാകാതെ വനപാലകർ വേട്ടക്കാർ ദിവസവും താവളം മാറുന്നതിനാൽ വനപാലകർക്ക് കണ്ടെത്താനാവുന്നില്ല. പ്രദേശത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്താൻ ആവശ്യമായ സംവിധാനങ്ങൾ വനപാലകർക്കില്ല.കൊച്ചുകോയിക്കൽ, തുലാപ്പള്ളി, ഗൂഡ്രിക്കൽ, ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുള്ള വനപാലകർ വനാതിർത്തികളിൽ മാത്രം പരിശോധന നടത്തി മടങ്ങുകയാണ്‌. വേട്ടക്കാരെ വളഞ്ഞു പിടിക്കാനും തുരത്താനുമുള്ള സംവിധാനങ്ങളും വനപാലകർക്കില്ല. വിദൂര സ്ഥലങ്ങളിലേക്ക് വെളിച്ചമടിക്കാനുള്ള ലൈറ്റുകളും കുറവാണ്.

5 വർഷം, 7 കാട്ടുപോത്ത് ശബരിമല വനപ്രദേശത്ത് അഞ്ച് വർഷത്തിനിടെ വേട്ടയാടപ്പെട്ടത് 7 കാട്ടുപോത്തുകൾ. രണ്ട് ആനക്കൊമ്പ് വേട്ടയും നടന്നു

ഈ ഭാഗത്ത് അനധികൃതമായി തോക്ക് കൈവശം വയ്ക്കുന്ന 53 പേരുണ്ടെന്നും വിവരം

'വീടുകളിൽ നിന്ന് ഭക്ഷണം മോഷ്ടിച്ചതായി പരാതികളുണ്ട്. അന്വേഷണം തുടരുന്നു".

-സീതത്തോട് പൊലീസ്