'കോമ്പൗണ്ടർ' ആപ്പ് തടയും അനധികൃത മരുന്ന് വിൽപ്പന #വിൽപ്പനയ്ക്ക് ഫാർമസിസ്റ്റിന്റെ വിരലടയാളം നിർബന്ധം

Tuesday 03 June 2025 2:28 AM IST

കൊച്ചി: മെഡിക്കൽ ഷോപ്പിൽ രജിസ്‌‌റ്റേർഡ് ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്നു വിൽക്കുന്നത് തടയാൻ 'കോമ്പൗണ്ടർ" ആപ്പ് വരുന്നു. ഇതുപയോഗിക്കാൻ ഫാർമസിസ്റ്റിന്റെ വിരലടയാളം നിർബന്ധമാണ്. കമ്പ്യൂട്ടർ ഓണാക്കുമ്പോഴും ഓരോതവണ ഔട്ടാവുമ്പോൾ പ്രവർത്തനസജ്ജമാക്കാനും ഇതു വേണ്ടിവരും.

മരുന്നിന്റെ ബില്ല് തൽസമയം പി.ഡി.എഫ് രൂപത്തിൽ ആപ്പിൽ അപ്‌ലോഡ് ചെയ്യണം.

ആന്റിബയോട്ടിക്കും മാനസികരോഗ ചികിത്സയ്‌ക്കുള്ള മരുന്നുമുൾപ്പെടെ തോന്നുംപടി വിൽക്കുന്നത് തടയലാണ് പ്രധാന ലക്ഷ്യം.

ഡ്രഗ്സ് കൺട്രോൾ വിഭാഗം പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടിയാൽ മൂന്നു മാസത്തിനകം നടപ്പാക്കാനാവും.

മരുന്ന് വാങ്ങുന്നയാളുടെ മുന്നിൽ വച്ച് രോഗിയുടെ വിവരം, ഡോക്ടറുടെ വിവരം, ആശുപത്രി അല്ലെങ്കിൽ ക്ലിനിക്ക്, മരുന്നിന്റെ അളവ് തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം.

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും ആപ്പിൽ സംവിധാനമുണ്ടാകും. ഫാർമസികളിൽ ജി.പി.എസ് സംവിധാനം സ്ഥാപിച്ച് ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തും.

കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേനയോ സി.ഡിറ്റ് മുഖേനയോ ആകും ആപ്പ് നിലവിൽവരിക. എല്ലാ മരുന്നുകളുടെയും സാമ്പിൾ വിവരങ്ങൾ ഉൾപ്പെടെ ആപ്പിൽ രേഖപ്പെടുത്തും.

മെഡി.ഷോപ്പുകൾ

ഇൻസ്റ്റാൾ ചെയ്യണം

മെഡിക്കൽ ഷോപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പർ, ആധാർ നമ്പർ, ഫാർമസിസ്റ്റിന്റെ രജിസ്‌ട്രേഷൻ വിവരങ്ങൾ, ഫാർമസിയുടെ വിവരങ്ങൾ, ഉടമയുടെ വിവരങ്ങൾ എന്നിവ നിർബന്ധം.

ആധാർ അടിസ്ഥാനത്തിൽ യൂസർ ഓഥന്റിക്കേഷൻ വേണം.

ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്

തത്സമയം നിരീക്ഷിക്കാനാവും

വിൽപ്പനയുടെയും സ്റ്റോക്കിന്റെയും വിവരങ്ങൾ

വിൽപ്പനയിലെ ട്രെൻഡും കൃത്യമായി മനസിലാക്കാം

ഫാർമസികളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാം

വിൽപ്പനയും മറ്റും വിവരങ്ങളും അതത് ദിവസങ്ങളിൽ ലഭിക്കും

ആപ്പിലെ എല്ലാ പ്രധാന വിവരങ്ങളും പൂർണ സുരക്ഷിതമായി സൂക്ഷിക്കും

പരാതികളിൽ കാലതാമസമില്ലാത്ത പരിശോധനയും ഉടൻ നടപടിയും

മരുന്ന വിൽപ്പനയിൽ ഗുണനിലവാരവും സുതാര്യതയും ഉറപ്പ് വരുത്തുന്ന തരത്തിൽ അതിനൂതനമായാകും ആപ്പ് തയാറാക്കുക

ഡോ.കെ. സുജിത് കുമാർ ഡ്രഗ്‌സ് കൺട്രോളർ കേരള