പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ; പ്രവേശനം നേടിയത്  40,566 പേർ; പുറത്ത് നിൽക്കുന്നത് 41,932 പേർ

Tuesday 03 June 2025 1:49 AM IST

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളിലായി പ്രവേശനം നേടിയത് 40,566 പേർ. 82,498 അപേക്ഷകരിൽ 41,932 പേർക്ക് ആദ്യ ലിസ്റ്റിൽ ഇടമില്ല. ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 57,283 സീറ്റുകളാണ്. 17,067 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സീറ്റുകളിൽ തുടർ അലോട്ട്‌മെന്റുകളിലായി പിന്നീട് പ്രവേശനം നടത്തും.

എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 8,140 സീറ്റിൽ 4,621 പേർ പ്രവേശനം നേടി. 3,519 സീറ്റുകൾ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തിൽ സംവരണം ചെയ്ത 5,364 സീറ്റുകളിൽ 215 പേരേ പ്രവേശനം നേടിയുള്ളൂ. 5,149 സീറ്റുകൾ ഒഴിവുണ്ട്. സ്‌പോർട്സ് ക്വാട്ടയിൽ ആകെ അനുവദിച്ചിട്ടുള്ള 1,410 സീറ്റുകളിൽ പ്രവേശനം നേടിയത് 1,283 പേരാണ്. 127 സീറ്റുകൾ ഒഴിവുണ്ട്. സ്‌പോർട്സ് ക്വാട്ടയിൽ 1,750 അപേക്ഷകരിൽ 1,283 പേർ പ്രവേശനം നേടി. 127 സീറ്റുകൾ ബാക്കിയുണ്ട്.

ജൂൺ 10ന് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 16ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം 18ന് ക്ലാസുകൾ ആരംഭിക്കും. തുടർന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും

പ്രവേശനം ഉറപ്പാക്കണം

> ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. >മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. > അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. > അലോട്ട്‌മെന്റ് പ്രകാരം യോഗ്യത നേടിയവർ അതത് സ്‌കൂളുകളിൽ രക്ഷിതാവിനൊപ്പമെത്തി വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം.

ആകെ അപേക്ഷകർ - 82,498

ആകെ സീറ്റുകൾ - 57,283

പ്രവേശനം നേടിയവർ - 40,566

ബാക്കിയുള്ള സീറ്റുകൾ -17,067