 പോക്‌സോ പ്രതിയെ പൂട്ടി പൊലീസ് സ്‌കൂട്ടർ വീടിനുള്ളിൽ ഒളിപ്പിച്ചിട്ടും 'പച്ചനിറം' പൊലീസിന് വഴികാട്ടി !

Wednesday 04 June 2025 12:02 AM IST

 പരിശോധിച്ചത് 641 സ്‌കൂട്ടറുകൾ  പ്രതി സെയിൽസ്മാൻ

കൊച്ചി: പനങ്ങാട് പത്തുവയസുകാരികളെ മിഠായി നൽകിയും ഭീഷണിപ്പെടുത്തിയും കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പോക്‌സോ കേസിൽ, മലപ്പുറം ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ വീട്ടിൽ സുധീഷനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പച്ച സ്‌കൂട്ടറാണ് കേസിൽ നിർണായക തുമ്പായത്. സംഭവം വാർത്തയായതോടെ സുധീഷ് സ്‌കൂട്ടർ വീടിനുള്ളിൽ ഒളിപ്പിച്ച് മുറിയടച്ച് കഴിയുകയായിരുന്നു. അഞ്ച് ദിവസത്തെ തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടികളെയാണ് സുധീഷ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മാതാപിതാക്കൾ വീട്ടിലുണ്ടെന്നും അവർ പറഞ്ഞിട്ടാണ് കൂട്ടിക്കൊണ്ടുവരാൻ വന്നതെന്നുമെല്ലാം പറഞ്ഞ് ഇയാൾ കുട്ടികളെ പ്രലോഭിപ്പിച്ചു. മിഠായിയും നൽകി. ഇയാളുടെ ശ്രദ്ധ മാറിയ തക്കത്തിന് കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പനങ്ങാട് സി.ഐ. സാജു ആന്റണി, എസ്.ഐമാരായ മുനീർ, അരുൺരാജ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 സീൻ 1 കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്‌തെന്ന വിവരം പുറത്തുവന്നതോടെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജി പ്രതിയെ ഉടൻ പിടികൂടണമെന്ന് കർശന നിർദ്ദേശം നൽകി. പനങ്ങാട് സി.ഐയുടെ നേതൃത്വത്തിലുള്ള ടീം 100ലധികം സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിലൊന്നിൽ നിന്ന് സുധീഷ് പച്ച സ്‌കൂട്ടറിൽ പോകുന്ന ദൃശ്യം ലഭിച്ചു. നമ്പർ കിട്ടിയതുമില്ല. പച്ച നിറമുള്ള ടി.വി.എസ് എൻടോർഗ് സ്‌കൂട്ടറിലേക്ക് അന്വേഷണം നീണ്ടു.

 സീൻ 2 പച്ചനിറത്തിൽ ജില്ലയിൽ ഇത്തരം 39 സ്‌കൂട്ടറുണ്ട്. ലിമിറ്റഡ് എഡിഷനായതിനാൽ കാര്യങ്ങൾ എളുപ്പമാണെന്ന് കരുതി ഉടമകളെ നേരിൽ കണ്ടെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടർന്ന് സംസ്ഥാനത്തെ ഇത്തരം 641 സ്‌കൂട്ടറുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ കെ.എൽ 33 ൽ ആണ് നമ്പർ തുടങ്ങുന്നതെന്ന നിർണായക വിവരം നാട്ടുകാരനിൽ നിന്ന് കിട്ടിയതോടെ വാഹനം പത്തനംതിട്ട സ്വദേശിനിയായ ട്രാൻസ് ജെന്ററിന്റേതാണെന്ന് വിവരം കിട്ടി.

 സീൻ 3 സ്‌കൂട്ടർ രജിസ്‌ട്രേഷന് നൽകിയിരുന്നത് സുധീഷിന്റെ ഫോൺ നമ്പറായിരുന്നു. ഇരുവരും ഒന്നിച്ചുതാമസിക്കുന്ന പാലാരിവട്ടത്തെ വാടകവീട്ടിൽ താമസം. അവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. പപ്പടവും മറ്റും കടകളിൽ എത്തിക്കുന്ന സെയിൽസ്മാനാണ് സുധീഷ്. സ്ഥാപനത്തിൽ നിന്ന് അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്നു. രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിനിടെയാണ് പിടിവീണത്. മാലപൊട്ടിക്കൽ കേസിലും പ്രതിയാണ്.