തീപിടിച്ച് വെളിച്ചെണ്ണ വില; ലിറ്ററിന് 350 രൂപ

Wednesday 04 June 2025 1:35 AM IST

അലനല്ലൂർ: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളംതെറ്റി. മാസങ്ങളായി വില ഉയർന്നു നിൽക്കുന്ന വെളിച്ചെണ്ണയ്ക്ക് ഒരാഴ്ചയ്ക്കിടെ 40 രൂപയാണ് കൂടിയത്. ഒരാഴ്ച മുമ്പ് ലിറ്ററിന് 300 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് തിങ്കളാഴ്ച 340 രൂപയായി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിലയിൽ നേരിയ ഏറ്റക്കുറച്ചിലുണ്ട്. ജനപ്രിയ ബ്രാൻഡുകൾക്കും ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്കുമാണ് കൂടുതൽ വില നൽകേണ്ടി വരുന്നത്. ഒ​രു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​വെ​ളി​ച്ചെ​ണ്ണവി​ല​ ​ഇ​ര​ട്ടി​യോ​ള​മാ​ണ് കൂടിയത്.​ വെളിച്ചെണ്ണ വില കൂടിയതോടെ സൺഫ്ലവർ ഓയിൽ ഉൾപ്പെടെ മറ്റിനങ്ങളുടെയും വില കൂടിയിട്ടുണ്ട്. ഒരു വർഷത്തിനിടെ വെളിച്ചെണ്ണയ്ക്ക് വില ഇരട്ടിയോളമായി. മാസങ്ങളായി പച്ച തേങ്ങയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിനു പ്രധാന കാരണം. കഴിഞ്ഞ വ‌ർഷം തേങ്ങ ഉല്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതേ തുടർന്ന് ജനുവരിയിൽ വെളിച്ചെണ്ണ വില 280 രൂപ വരെ എത്തിയിരുന്നു. ഫെബ്രുവരിയിൽ വില 30 രൂപയോളം കുറഞ്ഞെങ്കിലും മാർച്ചിൽ വില വീണ്ടും ഉയർന്നു. തേങ്ങകൾ കരിക്കാവുമ്പോഴേക്കും വിളവെടുക്കുന്നതാണ് പ്രധാനമായും വില വർധിക്കാനും ലഭ്യത കുറവിനും കാരണം. പച്ചത്തേങ്ങ വിലയും ഉയർന്നു നിൽക്കുകയാണ്. പച്ചത്തേങ്ങ കിലോയ്ക്ക് 70 രൂപ വരെ വിലയുണ്ട്. വിപണിയിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള മിക്ക ഉൽപന്നങ്ങൾക്കും വില കുതിച്ചുയരുകയാണ്. മത്സ്യം, കോഴിഇറച്ചി, പോത്തിറച്ചി എന്നിവക്കെല്ലാം വില കൂടിയിട്ടുണ്ട്. കൂടെ കാലവർഷവും പ്രതികൂലമായതോടെ പച്ചക്കറികൾക്കും വില വർദ്ധിച്ചേക്കുമെന്ന്വ്യാ പാരികൾ പറയുന്നു. ഇത് സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന കാര്യം തീർച്ച.

2025ലെ വെളിച്ചെണ്ണ വില വിർദ്ധന

ജനുവരി 250-280

ഫെബ്രുവരി 225-250

മാർച്ച് 260-280

ഏപ്രിൽ 280-300

മേയ് 280-300

ജൂൺ 325-340