കൃത്യമായ പഠനം മാത്രമാണ് വിജയമന്ത്രം @ ഒന്നാംറാങ്കിന്റെ തിളക്കത്തിൽ അക്ഷയ് ബിജു
കോഴിക്കോട് : ഒരു ലക്ഷ്യമുണ്ടെങ്കിൽ അതിലേക്കെത്താൻ വേണ്ടത് പൂർണമനസോടെയുള്ള പരിശ്രമം മാത്രമാണ്. രാജ്യത്ത് തന്നെ ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് ഉന്നത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഴിക്കോട് കാക്കൂർ സ്വദേശിയായ അക്ഷയ് ബിജു ഇത് പറഞ്ഞത്. ദേശീയതലത്തിൽ 192 -ാം റാങ്കും, കേരളത്തിൽ ഒന്നാം റാങ്കുമാണ് അക്ഷയ് നേടിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷയിലും കേരളത്തിലെ ടോപ്പറായിരുന്നു അക്ഷയ്.
വിട്ടുവീഴ്ചയില്ലാത്ത പഠനരീതിയാണ് അക്ഷയ് യുടെ വിജയമന്ത്രം. സ്‌കൂളിൽ പോകുന്ന ദിവസങ്ങളിൽ ദിവസവും ആറ് മണിക്കൂറും അല്ലാത്ത ദിവസങ്ങളിൽ 12-13 മണിക്കൂറുമായിരുന്നു പഠനസമയം. എല്ലാ ദിവസത്തെയും പാഠങ്ങൾ അതത് ദിവസം തന്നെ പഠിക്കും. ചെറിയ പ്രായം മുതലേ ഇത് തന്നെയാണ് ശീലം.
സ്കൂളിലെ നോട്ടുകളോടൊപ്പം സ്വന്തമായി നോട്ട് തയ്യാറാക്കും. മുൻവർഷത്തെ ചോദ്യങ്ങളും, മാതൃകാചോദ്യങ്ങളും ദിവസവും പരിശീലിച്ചു. വാട്സാപ്പ് ഉൾപ്പെടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ചെലവഴിക്കാനും കൃത്യമായ സമയം നീക്കിവച്ചു. ആദ്യം കേൾക്കുമ്പോൾ ഞെട്ടൽ തോന്നുമെങ്കിലും കൃത്യമായ പരിശീലനം വഴി സ്വപ്നങ്ങളെല്ലാം സ്വന്തമാക്കാമെന്നാണ് അക്ഷയ് തെളിയിച്ചത്. പത്താം ക്ലാസ് വരെ മലാപ്പറമ്പ് വേദവ്യാസ സ്കൂളിലായിരുന്നു പഠനം. പാലാ ബ്രില്യന്റിൽ എൻട്രൻസ് കോച്ചിംഗിന് ചേർന്നതോടെ മാന്നാനം കെ.ഇ സ്കൂളിലായി പ്ലസ് ടു പഠനം. . 1200 ൽ 1188 മാർക്കാണ് പ്ലസ് ടുവിൽ ഈ മിടുക്കൻ നേടിയത്.
-- ആറാം ക്ലാസ് മുതൽ കണ്ട സ്വപ്നം
ആറാം ക്ലാസ് മുതൽ മനസിൽ കയറിക്കൂടിയ ആഗ്രഹമായിരുന്നു ഐ.ഐ.ടിയിൽ പഠിക്കണമെന്നത്. മലാപ്പറമ്പ് വേദവ്യാസ സ്‌കൂളിലെ പഠനകാലത്താണ് ഐ.ഐ.ടി ഫൗണ്ടേഷൻ കോച്ചിംഗിന് ചേർന്നത്. അന്നാണ് ഐ.ഐ.ടിയെക്കുറിച്ച് അറിഞ്ഞതും. അന്ന് മുതൽ അതായി സ്വപ്നം. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അക്ഷയ്ക്ക് ഉപരിപഠനത്തിനായി ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിന് പ്രവേശനം നേടണമെന്നാണ് ആഗ്രഹം.
കോഴിക്കോട് ട്രഷറിയിൽ ജൂനിയർ സൂപ്രണ്ടായ എൻ. ബിജുവിന്റെയും ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറായ ഡോ. സി.കെ. നിഷയുടെയും മകനാണ് അക്ഷയ്. സഹോദരി ഗോപിക സേലം ഗവ.മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. അക്ഷയ് യുടെ എല്ലാ സ്വപ്നങ്ങൾക്കും പൂർണ പിന്തുണ നൽകി മാതാപിതാക്കളും, സഹോദരിയും ഒപ്പമുണ്ട്.