ശബരിമലയിൽ പ്രതിഷ്ഠാദിനപൂജ നാളെ
Wednesday 04 June 2025 1:45 AM IST
ശബരിമല: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിക്കും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കും.
പ്രതിഷ്ഠാദിനമായ നാളെ രാവിലെ 5ന് നടതുറക്കും. 5.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും. 7.30ന് ഉഷ:പൂജയ്ക്കുശേഷം കലശാഭിഷേകം നടക്കും. വൈകിട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. പ്രതിഷ്ഠാദിന പൂജകൾ പൂർത്തിയാക്കി 9.50ന് അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് ധ്യാന നിദ്രയിലാക്കി നടയടയ്ക്കും. മിഥുനമാസ പൂജകൾക്കായി 14ന് വൈകിട്ട് 5ന് നട തുറക്കും.