ആഗോള മുൻനിര ടെക് കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ്

Wednesday 04 June 2025 12:07 AM IST

കൊച്ചി: ഏറ്റവും മൂല്യമേറിയ ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. 21,600 കോടി ഡോളർ വിപണി മൂല്യവുമായി റിലയൻസ് ഇൻഡസ്ട്രീസ് 23ാം സ്ഥാനത്താണുള്ളത്. മെറ്റ, ആപ്പിൾ, ആമസോൺ, ആൽഫബെറ്റ് തുടങ്ങി നിരവധി വമ്പന്മാർ ആദ്യമായി ഇടം പിടിക്കുന്ന പട്ടികയിലാണ് റിലയൻസ് ഇൻഡസ്ട്രീസും സ്ഥാനം പിടിച്ചിരിക്കുന്നത്. ട്രെൻഡ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന 340 പേജുള്ള റിപ്പോർട്ടിലാണ് ടോപ് 30 കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ടെക്‌നോളജി അതിവേഗത്തിൽ സ്വീകരിക്കുകയും എ.ഐ ടെക്‌നോളജിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പട്ടിക തയാറാക്കിയത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ്, എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ്‌ല, ബ്രോഡ് കോം തുടങ്ങിയ യു.എസ് ടെക്‌നോളജി ഭീമന്മാരാണ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനങ്ങളിൽ.