വൈദ്യുതി കാർ നിർമ്മാണത്തിന് ആഗോള കമ്പനികൾ ഇന്ത്യയിലേക്ക്
താത്പര്യം പ്രകടിപ്പിച്ച് നാല് ആഗോള ബ്രാൻഡുകൾ
കൊച്ചി: വൈദ്യുതി വാഹന നിർമ്മാണ മേഖലയ്ക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഉപയോഗപ്പെടുത്താൻ നിരവധി ആഗോള കമ്പനികൾ രംഗത്ത്. മെഴ്‌സിഡസ് ബെൻസ്, സ്കോഡ വോക്സ്‌വാഗൻ, ഹ്യുണ്ടായ്, കിയ എന്നീ കമ്പനികളാണ് ഇന്ത്യയിൽ വൈദ്യുതി വാഹന നിർമ്മാണ ഫാക്‌ടറി ആരംഭിക്കാൻ സർക്കാരിനെ താത്പര്യം അറിയിച്ചത്. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഇ കാർ നിർമ്മാണ പ്രോത്സാഹന നയമനുസരിച്ച് അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി എച്ച്. ഡി കുമാരസ്വാമി പറഞ്ഞു. നയമനുസരിച്ച് ഇന്ത്യയിലെ വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് കാറുകളുടെ ഇറക്കുമതിക്ക് വൻ നികുതി ഇളവാണ് വാഗ്ദാനം ചെയ്യുന്നത്. വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് 48.6 കോടി ഡോളറിലധികം നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് 15 ശതമാനം തീരുവ നൽകി ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്താമെന്ന് പുതുക്കിയ സ്കീമിൽ പറയുന്നു. നിലവിൽ തീരുവ 75 ശതമാനമാണ്.
ടെസ്‌ലയുടെ ഫാക്‌ടറി ഇന്ത്യയിലില്ല, ഷോറൂം തുറക്കും
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആഗോള വാഹന ഭീമനായ ടെസ്‌ല ഇന്ത്യയിൽ വൈദ്യുതി കാർ നിർമ്മാണ രംഗത്ത് നിക്ഷേപം നടത്തില്ല. വൈദ്യുതി കാറുകളുടെ വിൽപ്പനയ്ക്കായി ഷോറൂമുകൾ തുറയ്ക്കാൻ മാത്രമാണ് ടെസ്‌ല താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി. ഉയർന്ന തീരുവ മറികടക്കാൻ ഇന്ത്യയിൽ കാർ നിർമ്മാണം ആരംഭിക്കാൻ ടെസ്‌ല തീരുമാനിക്കുന്നത് നീതികേടാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മുംബയിൽ പുതിയ ഷോറൂമായി ടെസ്‌ല മുംബയിലെ 24,500 ചതുരശ്ര അടി ഷോറൂം സ്ഥലം 24 കോടി രൂപയ്ക്ക് പാട്ടത്തിനെടുത്ത് ടെസ്‌ല. ആദ്യ ഷോറൂം ഇവിടെ തുടങ്ങും