സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചുയരുന്നു

Wednesday 04 June 2025 12:13 AM IST

കടൽ മീനീന്റെ രാസമലിനീകരണ ഭീതി വിനയായി

കോട്ടയം: മുങ്ങിയ കപ്പലിലെ കണ്ടെയനറുകളിലെ രാസമാലിന്യ ഭീതിയിൽ കടൽ മീനുകളുടെ വിൽപ്പന ഇടിഞ്ഞതോടെ കച്ചവടക്കാർ ഇറച്ചി വില കുത്തനെ കൂട്ടി. വലിയ പെരുന്നാളിന് മുന്നോടിയായി കോഴി, ആട്, മാട്ടിറച്ചി വില കുതിച്ചുയർന്നു . 120-130 രൂപയായിരുന്ന കോഴി വില 155 -160 രൂപയിലെത്തി. കോഴിമുട്ട 5.50ൽ നിന്ന് 7 രൂപയായി . കിലോക്ക് 400 രൂപയായിരുന്ന മാട്ടിറച്ചി 420മുതൽ 460 വരെ ഉയർന്നു. ആട്ടിറച്ചിയുടെ വില 850ൽ നിന്ന് 900-950രൂപയായി.

കടൽ മീനുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് ഭീതിയേറിയതോടെ കായൽ, നാടൻ മത്സ്യങ്ങളുടെ വിലയും കൂടി. കരിമീൻ വില 400-450 രൂപയിൽ നിന്ന് 550-600 രൂപയായി. മുരശ്,വരാൽ,കാരി ,മുശി ,വാള ,കൂരി എന്നിവയുടെ വിലയും ഉയർന്നു .ചെമ്മീൻ വില 400 കടന്നു.

കടൽ മീൻ വിലയും കുതിക്കുന്നു

കാലാവസ്ഥ പ്രതികൂലമായതോടെ വള്ളമിറക്കാൻ കഴിയാത്തതോടെ കടൽ മീൻ വിലയും കൂടി. ലഭ്യത കുറഞ്ഞതോടെ സാധാരണക്കാരുടെ ഇഷ്ടവിഭവമായ മത്തി വില 300-350 വരെയെത്തി. അയല, കിളിമീൻ ഇനങ്ങളും 300 കടന്നു. നെയ്മീൻ കിലോക്ക് 1000 കടന്നു . വറ്റ, മോത, കാളാഞ്ചി 700-800 റേഞ്ചിലാണ്.

## കേരളത്തിൽ വളർത്തു മൃഗങ്ങളുടെ എണ്ണം കുത്തനെ കുറയുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പോത്ത് കുട്ടികൾ വലിയ തോതിൽ തൈലേറിയ രോഗം ബാധിച്ചു ചത്തതും പോത്തിറച്ചി ക്ഷാമത്തിന് കാരണമായി

എബി ഐപ്പ്

ഭക്ഷ്യോപദേശകസമിതി വിജിലൻസ് സമിതി അംഗം