ആകാശത്തും ഇലക്ട്രിക്ക് കരുത്ത് ചിറകുവിരിക്കാൻ ഇന്ത്യയുടെ ഇ-ഹൻസ
തിരുവനന്തപുരം: പൈലറ്റ് പരിശീലനത്തിന് തദ്ദേശിയമായി ഇലക്ട്രിക്ക് വിമാനമൊരുക്കാൻ ഇന്ത്യ. 'ഇ-ഹൻസ" (ഇലക്ട്രിക്ക്-ഹൻസ) എന്ന ഇലക്ട്രിക് വിമാനം ബംഗളൂരുവിലെ സി.എസ്.ഐ.ആർ - നാഷണൽ ഏറോസ്‌പേസ് ലബോറട്ടറിയാണ് (എൻ.എ.എൽ) രൂപകല്പന ചെയ്‌ത് വികസിപ്പിക്കുന്നത്. പൈലറ്റ് പരിശീലനത്തിനായി തദ്ദേശീയമായി വികസിപ്പിച്ച ഹൻസ-3 (എൻ.ജി) വിമാനങ്ങളുടെ ഭാഗമാണ് ഇ-ഹൻസ.
ആദ്യഘട്ടത്തിൽ രണ്ടു സീറ്റുണ്ടാകും. കേന്ദ്രശാസ്ത്ര-സാങ്കേതിക മന്ത്രാലയമാണ് നേതൃത്വം നൽകുന്നത്. രണ്ടുകോടിയാണ് നിർമ്മാണച്ചെലവ്. ഇതിന്റെ ഇരട്ടി വിലയ്‌ക്കാണ് സമാന വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ആത്മനിർഭർ ഭാരത് മിഷന് പദ്ധതി കരുത്താകും. സമുദ്രനിരീക്ഷണത്തിനും ദേശീയ സുരക്ഷയ്‌ക്കും സഹായകവുമാകും. ഒപ്പം വ്യോമയാന മേഖലയിൽ ഹരിതോർജം പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിടുന്നുണ്ട്. യു.എസിന്റെ സെസ്ന 152 പോലുള്ള വിമാനങ്ങളിലാണ് നിലവിൽ പൈലറ്റ് പരിശീലനം.
15 വർഷം, 30,000 പൈലറ്റ്
പ്രൈവറ്റ്, കമേർഷ്യൽ പൈലറ്റ് ലൈസൻസ് പരീശിലനത്തിന് ഇ-ഹൻസ ഉപയോഗിക്കും. അടുത്ത 15 വർഷത്തിൽ ഇന്ത്യക്ക് 30,000 പൈലറ്റുമാരെ വേണ്ടിവരും. എന്നാൽ രാജ്യത്തെ ഫ്ലൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനിലുള്ള മിക്ക വിമാനങ്ങളും പഴയതും നഷ്ടത്തിലുമാണ്. ഇ-ഹൻസയെ എത്തുന്നതോടെ കുറഞ്ഞ ചെലവിൽ പരിശീലനം നൽകാം. ഇത് കൂടുതൽ പേരെ വ്യോമയാന രംഗത്തേക്ക് ആകർഷിക്കും. സ്റ്റാർട്ടപ്പുകൾക്കും എം.എസ്.എം.ഇകൾക്കും അവസരം നൽകും.
ഇന്ധനക്ഷമതയുള്ള എൻജിൻ
അത്യാധുനികമായ ഗ്ലാസ് കോക്ക്പിറ്റ് (ഡിജിറ്റൽ ഡിസ്‌പ്ലേ)
ഇന്ധനക്ഷമതയുള്ള റൊട്ടാക്സ് 912 ഐ.എസ്.സി3 സ്‌പോർട്ട് എൻജിൻ
നിരീക്ഷണത്തിന് പൈലറ്റിനായി വിമാനത്തിന് മുകളിൽ സുതാര്യമായ ബബിൾ കനോപ്പി.
ഭാരം കുറഞ്ഞ എയർഫ്രെയിം
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഫ്ലാപ്
ക്യാബിൻ വീതി 43 ഇൻഞ്ച്
ഹൻസ സീരീസ്
1. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച വിമാനങ്ങൾ.
2. ഇതിന്റെ പുതിയ മോഡലാണ് ഇ-ഹൻസ
3. അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഹൻസ-3(എൻ.ജി) ഏപ്രിലിൽ പുറത്തിറക്കിയിരുന്നു