അൻവറിനെ സി.പി.എമ്മിന് ഭയമില്ല: ഗോവിന്ദൻ

Wednesday 04 June 2025 12:19 AM IST

ന്യൂഡൽഹി: നവകേരള സദസിന്റെ പേരിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കരാറുകാരോട് പണം വാങ്ങിയെന്ന നിലമ്പൂരിലെ സ്വതന്ത്രൻ പി.വി അൻവറിന്റെ ആരോപണത്തിൽ സി.പി.എമ്മിന് ഭയമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ തെളിവു കൊണ്ടുവരട്ടെ. 150 കോടി പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ട് മാപ്പ് പറയാൻ പുറപ്പെട്ട ആളാണ് അൻവറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഡൽഹിയിൽ പ്രതികരിച്ചു. നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിനകത്ത് സംഘർഷമാണ്. അൻവറിനെ തള്ളാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിയുന്നില്ല. എം. സ്വരാജിനെ സി.പി.എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതു മുതൽ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങൾക്കെന്ന് എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് സമയത്തെ കൈക്കൂലിയാണ് ക്ഷേമ പെൻഷനെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.